ഫോൺ കൈമാറുന്നതിൽ ഭയക്കാൻ എന്താണുള്ളത് ദിലീപിനോട് ഹൈക്കോടതി; നാളെ വിശദമായ വാദം

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള കുറ്റാരോപിതര്‍ ഫോണുകൾ ക്രൈം ബ്രാഞ്ചിനു കൈമാറുന്നതിൽ ഭയക്കാൻ എന്താണുള്ളതെന്ന് ഹൈക്കോടതി. കുറ്റാരോപിതര്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചെന്നും ഇവ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

ഇപ്പോൾ ആവശ്യപ്പെടുന്ന ഫോൺ ഈ കുറ്റകൃത്യം ആരോപിക്കപ്പെടുന്ന കാലത്തുള്ളതല്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. വിചാരണ നേരിടുന്ന കേസിൽ ആവശ്യപ്പെട്ടതെല്ലാം നൽകിയിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

പൊലീസ് ആവശ്യപ്പെട്ട മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ പാജരാക്കാന്‍ കഴിയുമോയെന്നു ചോദിച്ച കോടതി ഫോറന്‍സിക് പരിശോധനയ്ക്ക് പിന്നീട് അയയ്ക്കാമെന്നു പറഞ്ഞു. ഫോൺ സൈബര്‍ വിദഗ്ധന് അയച്ചിരിക്കയാണന്ന വാദം അംഗീകരിക്കാനാവില്ല. പരിശോധന എവിടെ വേണമെന്ന് പിന്നീട് തീരുമാനിക്കാം. ഫോണുകള്‍ സ്വകാര്യ ഫോറന്‍സിക് വിദഗ്ധന് അയച്ചത് പ്രതികള്‍ക്കു ദോഷമുണ്ടാക്കുമെന്നും കോടതി പറഞ്ഞു.