കാസർകോട് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈക്കോടതി; സിപിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി

 

കാസർകോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ ഹൈക്കോടതി വിലക്കി. പൊതുസമ്മേളനങ്ങൾ വിലക്കി കൊണ്ടുള്ള ഉത്തരവ് ജില്ലാ കലക്ടർ പിൻവലിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. സമ്മേളനങ്ങളിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കലക്ടർ ഉറപ്പാക്കണമെന്ന് കോടതി നിർദേശം നൽകി

ഒരാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവിന് പ്രാബല്യം. റിപബ്ലിക് ദിനാഘോഷത്തിൽ പോലും ആളുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.

അതേസമയം ഇന്ന് ആരംഭിച്ച സിപിഎം കാസർകോട് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. മൂന്ന് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ചിരുന്ന സമ്മേളനം രണ്ട് ദിവസമായി ചുരുക്കി. നാളെ കൊണ്ട് സമ്മേളനം അവസാനിക്കും. ഞായറാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. തൃശ്ശൂരിലും സമ്മേളനം വെട്ടിച്ചുരുക്കിയിട്ടുണ്ട്‌