കൊവിഡ് മുക്തരില്‍ ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത കൂടുതല്‍; ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടിയെന്ന് പഠനം

 

ജൊഹാനസ്ബര്‍ഗ്: കൊവിഡ് മുക്തനായ ഒരാളില്‍ ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളേക്കാള്‍ മൂന്നിരട്ടി സാധ്യതയാണ് ഒമിക്രോണിനെന്നാണ് പ്രാഥമിക പഠനം പറയുന്നത്.

ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനങ്ങള്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഗവേഷകരുടെ നിഗമനം. ഒരു മെഡിക്കല്‍ പ്രീപ്രിന്റ് സര്‍വറില്‍ അപ്ലോഡ് ചെയ്തതാണ് ഈ വിവരങ്ങള്‍. എന്നാല്‍ ഈ വിവിരങ്ങള്‍ ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയില്ല.

നേരത്തെ ഉണ്ടായ അണുബാധയില്‍നിന്ന് ഉള്‍ക്കൊണ്ട പ്രതിരോധ ശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ ശേഷിയെ കുറിച്ച് പരാമര്‍ശിക്കുന്ന ആദ്യ സാംക്രമികരോഗശാസ്ത്ര പഠനം കൂടിയാണിത്.

എന്നാല്‍ പഠനത്തിനു വിധേയരായവര്‍ വാക്‌സീന്‍ സ്വീകരിച്ചതിനെ കുറിച്ച് ഗവേഷകര്‍ക്ക് വ്യക്തമായ അറിവില്ല. അതിനാല്‍ ഒമിക്രോണിന് വാക്‌സീന്‍ നല്‍കുന്ന പ്രതിരോധശേഷി മറികടക്കാന്‍ എത്രത്തോളം കഴിയുമെന്ന കാര്യം പറയാനാവില്ലെന്നും ഗവേഷകര്‍ പറഞ്ഞു. ഇതാണ് ഇനി പഠന വിധേയമാക്കുന്നതെന്നും അവര്‍ അറിയിച്ചു.

നവംബര്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം കൊവിഡ് 2.8 ദശലക്ഷം പേര്‍ പോസിറ്റീവായിട്ടുണ്ട്. ഇതില്‍ 35,670 ആളുകളിലും ഒന്നിലധികം തവണ കൊവിഡ് ബാധിച്ചതായാണ് വിവരം.

ഡെല്‍റ്റ വകഭേദമാണ് ഇവരില്‍ കൂടുതല്‍ പേരിലും ആദ്യം ബാധിച്ചതെന്നാണ് വിവരമെന്ന് ദക്ഷിണാഫ്രിക്കന്‍ ഡി.എസ്.ഐ-എന്‍.ആര്‍.എഫ് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ എപ്പിഡെമിയോളജിക്കല്‍ മോഡലിങ് ആന്‍ഡ് അനാലിസിസ് ഡയറക്ടര്‍ ജൂലിയറ്റ് പുള്ളിയം വ്യക്തമാക്കി.