ഒമിക്രോൺ ഭീഷണി: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനോടകം 13ലധികം രാജ്യങ്ങളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതേസമയം കൊവിഡ് വകഭേദമായ ഒമിക്രോൺ രാജ്യത്ത് ഇതുവരെ ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിനെ അറിയിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു. ഒമിക്രോൺ വകഭേദത്തെ ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ നിന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി

അടിയന്തര സാഹചര്യത്തെ നേരിടാൻ സംസ്ഥാനങ്ങൾക്ക് മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ട്. പുതിയ വകഭേദം ബാധിച്ച ഒരു കേസ് പോലും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിശോധന നിരക്ക് കുത്തനെ കൂട്ടി രോഗനിർണയം നടത്തണമെന്നാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം

വാക്‌സിനേഷനാണ് നിലവിലെ ഭീഷണിക്ക് പ്രധാന പോംവഴിയെന്ന് കേന്ദ്രസർക്കാർ പറയുന്നു. വീടുകളിലെത്തി വാക്‌സിൻ നൽകുന്നതടക്കമുള്ള നടപടികൾ വേഗത്തിലാക്കണം. അടുത്ത മാസം 31ഓടെ ഒരു ഡോസ് വാക്‌സിനെങ്കിലും എല്ലാവർക്കും ലഭ്യമായെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശത്തിൽ കേന്ദ്രം പറയുന്നു.