പ്രഭാത വാർത്തകൾ

 

🔳യൂറോപ്യന്‍ രാജ്യങ്ങളില്‍ വരും മാസങ്ങളില്‍ വീണ്ടും കൊവിഡ് മരണനിരക്ക് കൂടുമെന്ന മുന്നറിയിപ്പുമായി വീണ്ടും ലോകാരോഗ്യ സംഘടന. ഏഴ് ലക്ഷം പേരെങ്കിലും കൊവിഡ് ബാധയെ തുടര്‍ന്ന് മരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പതിനഞ്ച് ലക്ഷം കൊവിഡ് മരണം യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇത് ഇരുപത് ലക്ഷത്തിലധികമായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന സൂചന. ആകെയുള്ള 53 രാജ്യങ്ങളില്‍ 49 രാജ്യങ്ങളില്‍ ഐസിയു സംവിധാനങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

🔳കര്‍ഷകരുടെ രോഷം അവസാനിക്കാന്‍ താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ഇതിനുള്ള ആലോചനകള്‍ കേന്ദ്രതലത്തില്‍ തുടങ്ങി. നിയമങ്ങള്‍ പിന്‍വലിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും കര്‍ഷക രോഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന്റെ സാധ്യതകള്‍ കേന്ദ്രം പരിശോധിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശമായോ താങ്ങുവിലയില്‍ തീരുമാനം എടുക്കാനാണ് സര്‍ക്കാര്‍ നീക്കം.

🔳ഭിക്ഷക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള ദേശീയ നയം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. ട്രാന്‍സ് ജന്‍ഡറുകളുടെ ക്ഷേമത്തിനായുള്ള പ്രത്യേക പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഭിക്ഷാടനം നടത്തുന്നവര്‍, അനാഥര്‍, വീടില്ലാത്തവര്‍ എന്നിവരെ പുനരധിവസിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിന്നതിനായുള്ള കേന്ദ്ര നിയമത്തിന്റെ കരട് സാമൂഹിക ക്ഷേമ മന്ത്രാലയം തയ്യാറാക്കി വരുകയാണ്.

🔳കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള അക്രമാസക്തമായ, തീവ്രമായ ഘടകങ്ങളുടെ വളര്‍ച്ച കേരളത്തിനും ഇന്ത്യയ്ക്കും വളരെ അപകടകരമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റിലായതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികമായ രാഷ്ട്രീയ പിന്തുണയോടെയാണ് ഇത്തരം തീവ്ര സംഘങ്ങള്‍ വേരുറപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളായ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി ഇന്നലെ രാത്രിയോടെ പിടിയിലായിരുന്നു. തിരിച്ചറിയല്‍ പരേഡ് അടക്കം നടത്താനുള്ളതിനാല്‍ പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. കേസില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള നാലു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടാവാനാണ് സാധ്യത.

🔳അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്. ഇതോടെ, ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞ് അനുപമയുടേത് തന്നെ എന്ന് ഉറപ്പായി. കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.

🔳ഡിഎന്‍എ ഫലം പോസിറ്റീവായതിന് പിന്നാലെ ശിശുഭവനിലെത്തി അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു. കുഞ്ഞിനെ കണ്ടതില്‍ സന്തോഷമെന്ന് അനുപമ പറഞ്ഞു. 35 മിനിറ്റ് നേരം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇടറുന്ന വാക്കുകളോടെയാണ് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, അനുപമയ്ക്കൊപ്പമായിരുന്നു സര്‍ക്കാറെന്നും വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

🔳അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയ ശിശുക്ഷേമ സമിതിയിലും സിഡബ്ല്യുസിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ ക്രൂരതക്കും നിയമ വരുദ്ധ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയവരും കൂട്ടുനിന്നവരും മാത്രമല്ല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളെ സമീപിച്ചവരും ശിക്ഷിക്കപ്പെടണം. ഏതു കുഞ്ഞിനെയും വില്‍പനയ്ക്കു വയ്ക്കാമെന്നാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. സിഡബ്ല്യുസിയിലും ശിശുക്ഷേമസമിതിയിലും നടക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കണം. എല്ലാം പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ പോര. ദൂരൂഹത നിറഞ്ഞ സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

🔳ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍, ആളിയാര്‍, ഇടുക്കിയിലെ നെടുംകണ്ടം കല്ലാര്‍ ഡാം എന്നിവയുടെ ഷട്ടറുകള്‍ തുറന്നു. മുല്ലപ്പെരിയാറില്‍ ഏഴ് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ഇന്നലെ രാവിലെ സ്പില്‍വേയിലെ ഒരു ഷട്ടര്‍ തുറന്നിരുന്നു. വൈകിട്ട് ആദ്യം നാല് ഷട്ടറുകളും പിന്നീട് രണ്ട് ഷട്ടറുകളും കൂടി തുറക്കുകയായിരുന്നു. കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കി. വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.

🔳അവശ്യ സാധനങ്ങളുടെ വില ഉയരാന്‍ കാരണം ഇന്ധന വിലവര്‍ധനയാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. സാധാരണ ജനങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല വിലക്കയറ്റമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെയാണ് വിലക്കയറ്റത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തിയത്.

🔳രാജ്യത്ത് ഇന്ധന വില വര്‍ധനയ്ക്ക് എതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസ്സിന് ധാര്‍മ്മിക അവകാശം ഇല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍. ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ കൃഷി ആവശ്യത്തിന് പെട്രോളും ഡീസലും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ് പച്ചക്കറികള്‍ക്ക് വില വര്‍ദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വികസനത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിനെ തടയാനാണ് ഇന്ധന നികുതി കുറക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കെ റെയില്‍ എതിര്‍ക്കുന്നതിലൂടെ കേരളത്തിലെ വികസനത്തെ ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അല്‍പ ബുദ്ധിക്കാരും ബുദ്ധി മരവിച്ചവരും കോണ്‍ഗ്രസിന്റെ തലപ്പത്ത് വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് വികസനത്തെയെല്ലാം എതിര്‍ക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

🔳കണ്ണൂര്‍ യൂണിവേഴ്സ്റ്റിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍. യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. നിയമനത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടത്.

🔳കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുനര്‍നിയമനം നല്‍കി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കുന്ന പതിവില്ലാതിരിക്കെയാണ് അടുത്ത നാല് വര്‍ഷത്തേക്ക് ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗവര്‍ണര്‍ പുനര്‍നിയമനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് രാജ്ഭവന്‍ പുറത്തിറക്കി.

🔳സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ ഇ ശ്രീധരന്‍. പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് കെ റെയില്‍ നിര്‍മാണം നടന്നാല്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതില്‍’ രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

🔳ആലുവ എടയപ്പുറത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 23 കാരിയായ മൊഫിയ പര്‍വീനാണ് മരിച്ചത്. ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ആലുവ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും രക്ഷിതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പറയുന്നത്. മൊഫിയയോടും അച്ഛനോടും മോശമായി പെരുമാറിയ ആലുവ സിഐ ക്കെതിരെ നടപടിയെടുക്കണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

🔳ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിക്കുന്ന തരത്തില്‍ പൊലീസ് സംസാരിച്ചതാണ് ആലുവയില്‍ മൊഫിയ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും പ്രതിയായ പെണ്‍കുട്ടികള്‍ക്ക് പോലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വാദിയായി എത്തിയ പെണ്‍കുട്ടിയോട് ഏറ്റവും മോശമായ രീതിയിലാണ് പൊലീസ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തെറ്റായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ സംരക്ഷിക്കേണ്ട എന്തു ബാധ്യതയാണ് മുഖ്യമന്ത്രിക്കുള്ളത്? എംജി സര്‍വകലാശാലയില്‍ പരസ്യമായി അപമാനിക്കപ്പെട്ട എഐഎസ്എഫ് വനിതാ നേതാവിന് പോലും നീതി നിഷേധിക്കപ്പെട്ടു. പിന്നെ ആര്‍ക്കാണ് നീതി ലഭിക്കുകയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

🔳ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലെത്തിയ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീറിനെതിരെ നടപടി. സി.ഐയെ സ്റ്റേഷന്‍ ചുമതലകളില്‍നിന്ന് നീക്കി. സി.ഐക്കെതിരേ നടപടി വേണമെന്ന് ആത്മഹത്യ കുറിപ്പില്‍ യുവതി ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയനായ സി.ഐ നേരത്തേയും അച്ചടക്ക നടപടി നേരിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അഞ്ചല്‍ സി.ഐ ആയിരിക്കെയാണ് സുധീര്‍ നടപടി നേരിട്ടിട്ടുള്ളത്. കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസിലും മറ്റൊരു കേസിലും ഗുരുതര വീഴ്ച വരുത്തിയതിന് ആഭ്യന്തര അന്വേഷണം നേരിട്ടിരുന്നു.

🔳പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഗ്നിശമന സേന ജീവനക്കാരനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. സേലത്തെ കാറുംഗല്‍പട്ടി പാണ്ഡുരംഗന്‍ വിട്ടല്‍ സ്ട്രീറ്റിലാണ് സംഭവം. അഗ്നിശമന സേന ജീവനക്കാരന്റെ കുടുംബമടക്കം നാല് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു.

🔳കര്‍ണാകയിലെ ഗഡഗില്‍ പൊതുശുചിമുറികള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് മൂത്രമൊഴിച്ച് സമരം. ശ്രീരാമസേന പ്രവര്‍ത്തകരാണ് മുനിസിപ്പല്‍ ഓഫിസില്‍ മൂത്രമൊഴിച്ച് പ്രതിഷേധിച്ചത്. 15ഓളം പ്രവര്‍ത്തകരെത്തിയാണ് മൂത്രമൊഴിച്ച് പ്രതിഷേധിച്ചത്. നഗരസഭാ പരിധിയിലെ പൊതു ശുചിമുറികള്‍ ഉപയോഗ യോഗ്യമാക്കണമെന്ന് ഇവര്‍ ഒരാഴ്ച മുമ്പ് നിവേദനം നല്‍കിയിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നഗരസഭാ ഓഫിസില്‍ മൂത്രമൊഴിക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു.

🔳സിഖ് മതവിഭാഗക്കാര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് ബോളീവുഡ് താരം കങ്കണ റണാവത്തിനെതിരെ പോലീസ് കേസ്. മുംബൈയിലെ സബര്‍ ബന്‍ഘര്‍ പോലീസ് സ്റ്റേഷനിലാണ് കങ്കണയുടെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്ടര്‍ ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐ.പി.സി 295 എ വകുപ്പ് പ്രകാരമാണ് സിഖ് ഗുരുദ്വാര കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കങ്കണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

🔳പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെ പ്രശംസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൊതുപ്രശ്നങ്ങള്‍ ഉന്നയിക്കുന്ന സിദ്ദുവിനെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ് കിണഞ്ഞു പരിശ്രമിക്കുകയാണെന്നും ആദ്യം മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ഇപ്പോഴത്തെ മുഖ്യമന്ത്രി ചന്നിയും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.

🔳പഞ്ചാബ് കോണ്‍ഗ്രസിന്റെ കുറഞ്ഞത് 25 എംഎല്‍എമാര്‍ എങ്കിലും ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നാല്‍, കോണ്‍ഗ്രസിന് പോലും ഉപയോഗമില്ലാത്ത അവരെ പാര്‍ട്ടിയിലെടുക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും കെജ്രിവാള്‍ തുറന്നടിച്ചു. അതേസമയം, നവജ്യോത് സിംഗ് സിദ്ദു ഈ പറഞ്ഞ എംഎല്‍എമാരില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു ചിരിയായിരുന്നു കെജ്രിവാളിന്റെ മറുപടി.

🔳സന്ന്യാസിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രാമായണ്‍ എക്‌സ്പ്രസ് ട്രെയിനിലെ ജീവനക്കാര്‍ കാവി യൂണിഫോം ഒഴിവാക്കി. രാമായണ്‍ എക്‌സ്പ്രസിലെ വെയിറ്റര്‍മാര്‍ സന്ന്യാസിമാര്‍ ധരിക്കുന്ന പോലെയുള്ള കാവി വസ്ത്രവും മാലയും അണിഞ്ഞായിരുന്നു ട്രെയിനില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, ഇത് സന്ന്യാസിമാരെയും ഹിന്ദു മതത്തെയും അവഹേളിക്കുന്നതാണെന്ന് സന്ന്യാസിമാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് യൂണിഫോം മാറ്റാന്‍ ഐആര്‍സിടിസി തീരുമാനിച്ചത്.

🔳ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ബിസിസിഐ. താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നതില്‍ ബിസിസിഐയ്ക്ക് ഒരു പങ്കുമില്ലെന്നും അങ്ങനെ ഒരു നിബന്ധന മുന്നോട്ടുവെച്ചിട്ടില്ലെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ കാണ്‍പുരില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലെ ഭക്ഷണ മെനുവില്‍ ബിസിസിഐ ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയെന്നും ബീഫും പന്നിയിറച്ചിയും ഒഴിവാക്കിയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

🔳ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ആദ്യ ടെസ്റ്റിന് നാളെ കാണ്‍പുരില്‍ തുടക്കംകുറിക്കാനിരിക്കെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ പരിക്കേറ്റ് ടീമിന് പുറത്തായി. വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. ഇവരോടൊപ്പം രാഹുല്‍ കൂടി ചേരുമ്പോള്‍ ഇന്ത്യക്ക് അത് കനത്ത തിരിച്ചടിയാകും.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിക്ക് വിജയത്തുടക്കം. ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈ പരാജയപ്പെടുത്തിത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം വ്‌ളാഡിമര്‍ കോമാനാണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്.

🔳കേരളത്തില്‍ ഇന്നലെ 60,265 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 313 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,045 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 344 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5978 പേര്‍ രോഗമുക്തി നേടി. ഇതോടെ 52,710 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം 135, കാസര്‍ഗോഡ് 60.

🔳ആഗോളതലത്തില്‍ ഇന്നലെ 4,96,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 63,280 പേര്‍ക്കും ഇംഗ്ലണ്ടില്‍ 42,484 പേര്‍ക്കും റഷ്യയില്‍ 33,996 പേര്‍ക്കും തുര്‍ക്കിയില്‍ 28,170 പേര്‍ക്കും ഫ്രാന്‍സില്‍ 30,454 പേര്‍ക്കും ജര്‍മനിയില്‍ 54,268 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 22,956 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.89 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.94 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,534 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 854 പേരും റഷ്യയില്‍ 1,243 പേരും ജര്‍മനിയില്‍ 343 പേരും പോളണ്ടില്‍ 398 പേരും ഉക്രെയിനില്‍ 720 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.81 ലക്ഷമായി.

🔳പാന്‍ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പാന്‍ അസാധുവായാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്. നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022 മാര്‍ച്ച് 31 ആണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഒടുവില്‍ ആറുമാസത്തേയ്ക്കുകൂടി സമയം നീട്ടി നല്‍കിയത്. എസ്എംഎസ് വഴിയോ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാം.

🔳പേടിഎമ്മിന് ശേഷം പ്രമുഖ ഫിന്‍ടെക് ആപ്പായ ജസ്പേയില്‍ ഫണ്ടിംഗ് നടത്താനൊരുങ്ങി സോഫ്റ്റ് ബാങ്ക്. 100-120 ദശലക്ഷം ഡോളര്‍ ആണ് നിലവില്‍ 400-500 ദശലക്ഷം മൂല്യമുള്ള ഫിന്‍ടെക് കമ്പനിയില്‍ ജാപ്പനീസ് ഭീമന്‍ നിക്ഷേപിക്കുക. പേടിഎം, ഒയോ റൂംസ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളില്‍ നിലവില്‍ സോഫ്റ്റ് ബാങ്ക് കോര്‍പ്പറേഷന് വലിയ നിക്ഷേപമുണ്ട്. ഫിന്‍ടെക്, ബിടുബി, എസ് എ എ എസ്, എഡ് ടെക് തുടങ്ങിയ മേഖലകളില്‍ നിക്ഷേപ പദ്ധതികളുണ്ടെന്ന് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പറേഷന്‍ നേരത്തെ പറഞ്ഞിരുന്നു.

🔳തെന്നിന്ത്യന്‍ താരസുന്ദരി സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന്‍ സിനിമയിലേക്ക്. പൂജ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. താന്‍ വളരെക്കാലമായി കാത്തിരുന്ന സമയം എത്തിയെന്നും തന്റെ പ്രടകനം പ്രേക്ഷകര്‍ ആസ്വദിക്കുമെന്നാണ് കരുതുന്നതെന്നും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് പൂജ കുറിച്ചു. സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന ‘ചിത്തിര സെവ്വാനം’ എന്ന ചിത്രത്തിലൂടെയാണ് പൂജ എത്തുന്നത്. സമുദ്രക്കനി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിമ കല്ലിങ്കലും സിനിമയില്‍ ശ്രദ്ധമായ വേഷത്തിലെത്തും. ചിത്രത്തിന്റെ കഥ വിജയിന്റെതാണ്.

🔳സംവിധായകനായും നടനായും ഒരുപോലെ മികവ് കാട്ടുന്ന താരമാണ് ശശികുമാര്‍. തമിഴകത്ത് നവ സിനിമകളുടെ തുടക്കക്കാരനായി ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകന്‍ ശശികുമാര്‍ അടുത്തിടെ അഭിനയരംഗത്താണ് സജീവമായുള്ളത്. ശശികുമാര്‍ നായകനാകുന്ന പുതിയ ചിത്രം ‘അയോധി’യാണ് ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്. ആര്‍ മന്തിര മൂര്‍ത്തിയാണ് ‘അയോധി’ സംവിധാനം ചെയ്യുന്നത്. പുഗഴും ‘അയോധി’യെന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

🔳ടിവിഎസ് മോട്ടോഴ്സ് തമിഴ്നാട്ടില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഭാവി ടെക്നോളജികള്‍ വികസിപ്പിക്കാനും 12,00 കോടി രൂപയുടെ നിക്ഷേപമാണ് ടിവിഎസ് നടത്തുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ടിവിഎസ് ചെയര്‍മാന്‍ ശ്രീനിവാസന്‍ ഒപ്പുവെച്ചു. ഇലക്ട്രിക് സെഗ്മെന്റിന്റെ വിപുലീകരണം, ഡിസൈന്‍, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ അടുത്ത നാലുകൊല്ലം കൊണ്ടാണ് തുക നിക്ഷേപിക്കുക. ഇലക്ട്രിക്, ഗ്രീന്‍ ഫ്യുവല്‍ എന്നിവയില്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കും. സുസ്ഥിരമായ ഒരു ഇലക്ട്രിക് ബ്രാന്‍ഡ് ആയി മാറുകയാണ് ടിവിഎസിന്റെ ലക്ഷ്യം.

🔳എന്‍ മോഹനന്റെ ആത്മകഥാപരമായ നോവലാണ് ഒരിക്കല്‍. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ഈ ചെറുകഥ നോവല്‍ ആദ്യമായി മലയാള മനോരമയില്‍ ‘രാഗങ്ങള്‍ക്ക് ഒരു കാലം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ‘ഒരിക്കല്‍’. എന്‍ മോഹനന്‍. ഡിസി ബുക്സ്. വില 99 രൂപ.

🔳ചര്‍മ്മ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയെ സ്‌കിന്‍ കാന്‍സര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഒരല്‍പം ശ്രദ്ധ നല്‍കിയാല്‍, നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്ന രോഗം കൂടിയാണ് ചര്‍മത്തെ ബാധിക്കുന്ന ഈ അര്‍ബുദം. സൂര്യന്റെ അള്‍ട്രാവയലറ്റ് വികിരണങ്ങളുമായുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തുന്നതിലൂടെയോ പുറത്തുകടക്കുന്നതിന് മുമ്പ് സണ്‍സ്‌ക്രീന്‍ പതിവായി പുരട്ടുന്നതിലൂടെയോ ഒരാള്‍ക്ക് ത്വക്ക് കാന്‍സര്‍ സാധ്യത ലഘൂകരിക്കാന്‍ കഴിയും. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം, അതിലും പ്രധാനമായി ആന്റിഓക്‌സിഡന്റുകള്‍ കൂടുതലുള്ള ഭക്ഷണക്രമം ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞു. കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് ഒട്ടാവ സര്‍വകലാശാലയിലെ പോഷകാഹാര, സെല്ലുലാര്‍ ഗവേഷകര്‍ പഠനം നടത്തി. ത്വക്ക് കാന്‍സര്‍ തടയാന്‍ ബ്ലൂബെറി മികച്ചൊരു പഴമാണെന്നും ബ്ലൂബെറി ജ്യൂസായോ അല്ലാതെയോ കുടിക്കാം. പഠനം ജേണല്‍ ഓഫ് കാന്‍സര്‍ പ്രിവന്‍ഷനില്‍ പ്രസിദ്ധീകരിച്ചു. സിട്രസ് സരസഫലങ്ങള്‍ പലപ്പോഴും കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.