പ്രഭാത വാർത്തകൾ

 

🔳2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി. കങ്കണാ റണാവത്തിന്റെ പരാമര്‍ശത്തെ ഭ്രാന്തെന്നോ രാജ്യദ്രോഹമെന്നോ ആണ് താന്‍ വിളിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ”മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു, ഗാന്ധി ഘാതകരെ പ്രകീര്‍ത്തിക്കുന്നു. മംഗള്‍ പാണ്ഡെ, റാണി ലക്ഷ്മി ഭായി, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗത്തെ അപമാനിച്ചുവെന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

🔳റിസര്‍വ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ആര്‍ ബി ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ഈ സ്‌കീം. ഉപഭോക്താക്കള്‍ക്ക് അവരുടെ പരാതികള്‍ രേഖപ്പെടുത്താന്‍ ഒരു പോര്‍ട്ടലും ഒരു ഇമെയിലും ഒരു വിലാസവുമായിരിക്കും ഇനി. ഇതോടെ ‘ഒരു രാജ്യം-ഒരു ഓംബുഡ്സ്മാന്‍’ എന്ന അടിസ്ഥാന തത്വം കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

🔳യോഗ്യരായ എല്ലാവര്‍ക്കും കൊവിഡ് ആദ്യ ഡോസ് നല്‍കുന്നത് പൂര്‍ത്തീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കാലാവധി പൂര്‍ത്തിയാക്കിയ 12 കോടി പേര്‍ രണ്ടാം ഡോസ് എടുക്കാനുണ്ടെന്നും ഇക്കാര്യത്തില്‍ ശ്രദ്ധ വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു. കൊവിഡ് വ്യാപനം അവസാനിച്ചെന്ന് കരുതരുതെന്നും യോഗത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. പല രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുണ്ട്. 80 ശതമാനം വാക്സിന്‍ നല്‍കിയിട്ടും സിങ്കപ്പൂര്‍,ബ്രിട്ടന്‍, റഷ്യ, ചൈന എന്നിവിടങ്ങളിലെല്ലാം കേസുകള്‍ കൂടുകയാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

🔳എല്‍.കെ. അദ്വാനിക്ക് ജന്മദിനാശംസ അറിയിച്ചതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍ എം.പി. മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ് ഗാന്ധിജി പഠിപ്പിച്ചതെന്നും ഇനിയും അദ്വാനിക്കും മോദിക്കും ജന്മദിനാശംസകള്‍ അറിയിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

🔳മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി സര്‍ക്കാര്‍. വനംവകുപ്പ് സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയത്. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ ബെന്നിച്ചന്‍ തോമസിനെ സസ്പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവുമിറക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ബെന്നിച്ചന്‍ തോമസ് ഔദ്യോഗിക കൃത്യനിര്‍വഹണം ലംഘിച്ചുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

🔳സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനും തടയാനും പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. അക്രമോത്സുകമായ ബിജെപി ശൈലിയിലേക്ക് കോണ്‍ഗ്രസും മാറുന്നു. ജോജുവിനെ ആക്രമിച്ച ശേഷം ജോജു മാപ്പ് പറയണം എന്ന സ്ഥിതിയിയായി. എംഎഫ് ഹുസൈനെതിരെ ബിജെപി എടുത്ത ശൈലി കോണ്‍ഗ്രസുകാര്‍ നടത്തുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.

🔳അക്രമ രാഷ്ട്രീയവും ക്രമസമാധാന പ്രശ്നങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍.രാഷ്ട്രീയ നേതൃത്വം ഈ വസ്തുത തിരിച്ചറിയണം. കേവല രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രം പ്രശ്നങ്ങളെ അവലോകനം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഐടി സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെത്തുന്നത്.

🔳പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആണ് തീരുമാനം. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ ആകും. ശോഭനാ ജോര്‍ജിനെ ഔഷധി ചെയര്‍പേഴ്സന്‍ ആക്കാനും തീരുമാനമായി.

🔳പന്തീരങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് സി.പി.എം നിലപാടില്‍ തെറ്റ് പറ്റിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. അലനും താഹയും സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

🔳വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ആന്റണി പെരുമ്പാവൂര്‍ – മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ചിത്രം തീയേറ്ററര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 2നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. യാതൊരു ഉപാധികളുമില്ലാതെയാണ് ആന്റണി പെരുമ്പാവൂര്‍ മരക്കാരിന്റെ തീയേറ്റര്‍ റിലീസിന് സന്നദ്ധത അറിയിച്ചെന്ന് സിനിമ – സാംസ്‌കാരി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ആന്റണി പെരുമ്പാവൂരിനോട് പ്രത്യേകം നന്ദി പറയുന്നതായും സജി ചെറിയാന്‍ പറഞ്ഞു. സിനിമാരംഗത്തെ എല്ലാ സംഘടനകളേയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്.

🔳ഇരകളെ വേട്ടയാടിയ കാര്യത്തില്‍ 1984-ലെ സിഖ് വിരുദ്ധ കലാപവും 2002-ലെ ഗുജറാത്ത് കലാപവും സമാനമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് എം.പി. എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിക്കു വേണ്ടി ഹാജരായതായിരുന്നു സിബല്‍. ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ഒരു അന്വേഷണവും നടത്തിയില്ലെന്നും സിബല്‍ ആരോപിച്ചു.

🔳കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് നടപടി. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി രണ്‍ദീപ് സിങ് നാഭയാണ് പ്രമേയം അവതരിപ്പിച്ചത്.

🔳അസമിലെ കരിംഗഞ്ച് ജില്ലയില്‍ സിമന്റുമായി പോകുകയായിരുന്ന ട്രക്ക് ഓട്ടോയിലിടിച്ച് ഓട്ടോയാത്രക്കാരായ 10 പേര്‍ മരിച്ചു. നാല് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അസം-ത്രിപുര ഹൈവേയിലെ ബെയ്തഖാല്‍ എന്ന സ്ഥലത്താണ് അപകടം നടന്നത്. ഛാഠ് പൂജ കഴിഞ്ഞ് തിരിച്ചുവരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് പേര്‍ അപകട സ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു.

🔳അരുണാചല്‍പ്രദേശ് മേഖലയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈന നിര്‍മ്മിച്ച ഗ്രാമവുമായി ബന്ധപ്പെട്ട യുഎസ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഇന്ത്യ. നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

🔳ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് പോരാട്ടം. രണ്ടാം സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന് ജയിച്ചതോടെയാണ് ഓസ്‌ട്രേലിയ കലാശപ്പോരിന് യോഗ്യത നേടിയത്. ദുബായില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്വാന്റെയും ഫഖര്‍ സമന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഒരു ഘട്ടത്തില്‍ അഞ്ചിന് 96 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട ഓസീസിന് ആറാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് സ്റ്റോയ്‌നിസ് – മാത്യു വെയ്ഡ് സഖ്യമാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്റ്റോയ്‌നിസ് 31 പന്തില്‍ നിന്ന് 40 റണ്‍സോടെയും വെയ്ഡ് 17 പന്തില്‍ നിന്ന് 41 റണ്‍സോടെയും പുറത്താകാതെ നിന്നു.

🔳കേരളത്തില്‍ ഇന്നലെ 73,015 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 372 മരണങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,040 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6679 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 473 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7638 പേര്‍ രോഗമുക്തി നേടി. ഇതോടെ 69,625 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസര്‍ഗോഡ് 124.

🔳കോവിഡ് വീണ്ടും യൂറോപ്പിനെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളും മരണങ്ങളും മേഖലയെ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറ്റിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പ്രതിദിന കോവിഡ് കേസുകളും കോവിഡ് മരണവും തുടര്‍ച്ചയായി വര്‍ധിക്കുന്ന ഏക മേഖലയും യൂറോപ്പാണ് എന്നത് വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,84,007 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 39,082 പേര്‍ക്കും ഇംഗ്ലണ്ടില്‍ 42,408 പേര്‍ക്കും റഷ്യയില്‍ 40,759 പേര്‍ക്കും തുര്‍ക്കിയില്‍ 24,898 പേര്‍ക്കും ജര്‍മനിയില്‍ 50,133 പേര്‍ക്കും ഉക്രെയിനില്‍ 24,747 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.26 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.89 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,356 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 537 പേരും റഷ്യയില്‍ 1,237 പേരും ഉക്രെയിനില്‍ 652 പേരും റൊമാനിയായില്‍ 303 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.94 ലക്ഷമായി.

🔳കണ്ടന്റ് പോസ്റ്റു ചെയ്യുന്നവര്‍ക്ക് പ്രതിമാസ വരുമാനം ലഭിക്കുന്ന പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ പരിശോധിച്ച് ഇന്‍സ്റ്റഗ്രാം. യൂട്യൂബ് ചാനലിലൂടെ പണം നേടുന്നത് പോലെ തന്ന ഇന്‍സ്റ്റഗ്രാമിലൂടെയും പണം നേടാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന രീതിയാണിത്. പ്ലാറ്റ്ഫോമിലെ മികച്ച കണ്ടന്റ് സ്രഷ്ടാക്കള്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. ഫോളോവേഴ്‌സിന് പണമടച്ച് സബ്സ്‌ക്രൈബ് ചെയത് കണ്ടന്റ് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയാണിത്.

🔳ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സൊമാറ്റോ നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 2021 ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ സൊമാറ്റോയുടെ അറ്റ നഷ്ടത്തില്‍ 87 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 230 കോടിയായിരുന്ന നഷ്ടം 430 കോടിയായി ഈ വര്‍ഷം ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 356 കോടിയായിരുന്നു നഷ്ടം. ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം വര്‍ധനവാണ് അറ്റ നഷ്ടത്തില്‍ ഉണ്ടായത്.

🔳കണ്ണന്‍ താമരക്കുളം ചിത്രം ‘വിധി ദി വെര്‍ഡിക്ട്’ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത്. നവംബര്‍ 25ന് ആണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് ‘മരട് 357’ എന്ന ചിത്രത്തിന്റെ പേര് വിധി ദി വെര്‍ഡിക്ട് എന്നാക്കി മാറ്റിയത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് വിധി നിര്‍മ്മിക്കുന്നത്. അനൂപ് മേനോന്‍, ധര്‍മ്മജന്‍, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങിയവര്‍ അഭിനയിക്കുന്നു.

🔳രാജ്യത്തെ ശ്രദ്ധേയമായ ജയ്പൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ മത്സരവിഭാഗത്തിലേക്ക് ഫോട്ടോ ജേര്‍ണലിസ്റ്റ് പി .അഭിജിത്ത് സംവിധാനം ചെയ്ത അന്തരം തെരഞ്ഞെടുത്തു. വിവിധ ഭാഷകളില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില്‍ മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങളാണുള്ളത്. അതിലൊന്നാണ് അന്തരം. 2022 ജനുവരി 7 മുതല്‍ 11 വരെയാണ് ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവെല്‍ നടക്കുന്നത്. ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ‘അന്തരം’ ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

🔳മുന്‍നിര ലക്ഷ്വറി എസ്യുവിയായ എക്സ് സി 90 യുടെ പുതിയ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് എന്‍ജിന്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് വോള്‍വോ കാര്‍ ഇന്ത്യ. ഒക്ടോബറില്‍ വോള്‍വോ എസ്90, വോള്‍വോ എക്സ് സി 60 എന്നീ വേരിയന്റുകളുടെ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് എന്‍ജിന്‍ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയുള്ള ഈ ലോഞ്ചോട് കൂടി ഡീസലില്‍ നിന്ന് പെട്രോള്‍ കാറുകളിലേക്കുള്ള മാറ്റം പൂര്‍ണ്ണമാവുകയാണ്. 89. 90 ലക്ഷം രൂപയാണ് പുതിയ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് വോള്‍വോ എക്സ് സി 90 യുടെ എക്സ് ഷോറൂം വില.

🔳കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പ്രഥമ ദേശാഭിമാനി പുരസ്‌കാരം, എം പി പോള്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള അയ്മനം ജോണിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ‘മീനച്ചിലാറ്റിലെ രാത്രി’. മീനച്ചിലാറും കുട്ടനാടന്‍ ജീവിതങ്ങളും സാധാരണക്കാരുടെ പ്രശ്നകലുഷിതമായ ജീവിതവും അതിനേക്കാളുപരി തന്റെതന്നെ ഓര്‍മ്മകളും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെട്ട രചനകള്‍ ജീവസ്സുറ്റ ഒരു വായനാനുഭവമായി മാറുന്നു. ഡിസി ബുക്സ്. വില 161 രൂപ.

🔳നല്ല ഉറക്കം നിങ്ങളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന ഒന്നാണ്. മനസ്സിനെ ശാന്തമാക്കാനും ചിന്തകള്‍ക്ക് പുതുമ കൈവരിക്കാനും ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശരീരത്തിന് ആവശ്യമായ ഉറക്കം കിട്ടിയില്ലെങ്കില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കൃത്യസമയത്ത് ഉറങ്ങുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് കൃത്യമായ ഉറക്കം ആവശ്യമാണ്. ഉറക്കക്കുറവ് വിഷാദം, ഉത്കണ്ഠ എന്നിവ ഉള്‍പ്പെടെയുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട് ഇത് മൂലം ഡ്രൈവിംഗ് അപകടകരമാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാവുകയും പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിനും സാധ്യതകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മസാലയും കൊഴുപ്പും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദഹിക്കാന്‍ പ്രയാസമാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. രാത്രിയിലെ ഭക്ഷണം ലഘുവായിരിക്കണം, കാരണം വലിയ അളവില്‍ ഭക്ഷണം കഴിച്ചാല്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും. ഉറങ്ങുന്നതിനുമുമ്പ് കുളിക്കാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് ആളുകളെ വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മദ്യം ഉറക്കത്തെ കാര്യമായി ബാധിക്കാം. മദ്യപിക്കുന്നതിലൂടെ പെട്ടെന്ന് ഉറങ്ങാന്‍ കഴിയുമായിരിക്കും. പക്ഷേ, നല്ല ഉറക്കം ലഭിക്കില്ല. അമിതമായ മദ്യപാനം ഉറക്കത്തെ അകറ്റിനിര്‍ത്തും.

*വിദ്യാർത്ഥികൾക്ക് യാത്ര എഴുത്ത് മത്സരം*
സ്‌കൂൾ വിദ്യാർത്ഥികൾക്കായി യാത്രഎഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.യു.പി,ഹൈ സ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകുന്നതാണ്. വിദ്യാർഥികൾക്ക് തങ്ങൾ നടത്തിയ യാത്രയെക്കുറിച്ച് 1000 വാക്കിൽ കവിയാത്ത കുറിപ്പുകൾ അയക്കാം.ഫോട്ടോകൾ ഉണ്ടെങ്കിൽ അതും അയക്കാം. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ കെ എ ബീന രചിച്ച “ബീന കണ്ട റഷ്യ” എന്ന യാത്രാ പുസ്തകത്തിന്റെ നാൽപതാം വാർഷികത്തോട് അനുബന്ധിച്ചു ‘പ്രചോദിത’ സ്ത്രീകളുടെ കൂട്ടായ്മയും യും റഷ്യൻ സാംസ്കാരിക കേന്ദ്രം (റഷ്യൻ ഹൗസ്),തിരുവനന്തപുരവും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. മലയാളത്തിൽ ആണ് യാത്രാകുറിപ്പുകൾ എഴുതേണ്ടത്. 2021 നവംബർ 22 ന് മുൻപ് [email protected] എന്ന ഈമെയിലിലോ ഗീതബക്ഷി, 12 E, Artech Rio, കുമ്മനം,കോട്ടയം 686005 എന്ന അഡ്രസ്സിലോ യാത്രാ കുറിപ്പുകൾ അയക്കാവുന്നതാണ്. “ബീന കണ്ട റഷ്യ@40,ഒരു പുസ്തകം,പല വായനകൾ.” എന്ന പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ചു ഡിസംബറിൽ തിരുവനന്തപുരത്ത് സമ്മാനങ്ങൾ വിതരണം ചെയ്യും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരുദിവസം ഒരു പെണ്‍കുട്ടി ആ പക്ഷിവില്‍പനക്കാരനെ കാണാന്‍ എത്തി. പരിശീലിപ്പിച്ചാല്‍ സംസാരിക്കുന്നയിനം തത്തയെ അവള്‍ക്ക് വേണമായിരുന്നു. അയാള്‍ അവള്‍ക്ക് ആ തത്തയെ കൊടുത്തു. ദിവസങ്ങള്‍ക്ക് ശേഷം തത്ത സംസാരിക്കുന്നില്ല എന്ന പരാതിയുമായി അവള്‍ വന്നു. കൂട്ടില്‍ ഒരു കണ്ണാടിവെയ്ക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു, അവള്‍ അങ്ങനെചെയ്തുവെങ്കിലും തത്ത സംസാരിക്കുന്നില്ലെന്ന പരാതി അവസാനിച്ചില്ല. അയാള്‍ പറഞ്ഞതനുസരിച്ച് പല മാറ്റങ്ങളും അവള്‍ കൂട്ടില്‍ വരുത്തി. അവസാനം ആ തത്ത ചത്തുപോയി എന്ന് പറഞ്ഞാണ് അവള്‍ അയാളുടെ അടുത്തെത്തിയത്. അയാള്‍ ചോദിച്ചു: കണ്ണാടിയും ഊഞ്ഞാലുമൊന്നുമല്ലാതെ അതിന് കഴിക്കാനെന്തിങ്കിലും നല്‍കിയിരുന്നോ? അവള്‍ പറഞ്ഞു: ഇല്ല… ! വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. ആഡംബരങ്ങള്‍ വാരിവിതറുന്നതിനിടയില്‍ അടിസ്ഥാനആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്നത്. ഒരു പരിശീലനവും ലഭിക്കാതെയാണ് ഓരോരുത്തരും പലപ്പോഴും രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്നത്. ഓരോ വ്യക്തിക്കും അവരുടേയതായ വളര്‍ച്ചാഘട്ടങ്ങളും രീതികളുമുണ്ട്. അഭിരുചിക്കും അഭീഷ്ടത്തിനുമനുസരിച്ച് ഓരോരുത്തര്‍ക്കും കൊടുക്കേണ്ട കാര്യങ്ങളിലും വ്യത്യാസമുണ്ട്. രണ്ടുതരം ദാതാക്കളുണ്ട്. ഒന്ന് ഉള്ളത് നല്‍കുന്നവര്‍, രണ്ട് വേണ്ടതു നല്‍കുന്നവര്‍. വേണ്ടത് നല്‍കാന്‍ നമുക്ക് കഴിയാത്തത് ആവശ്യമെന്താണെന്ന് തിരിച്ചറിയാത്തതുകൊണ്ടാണ്. ഒരാള്‍ ആഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും നല്‍കുക എന്നതാണ് നല്‍കുന്നവരുടെ ഉത്തരവാദിത്വം. അതിന് നമുക്ക് സാധിക്കണമെങ്കില്‍ അവരെ അറിയണം, അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയണം. നമുക്കും നല്‍കാന്‍ ശീലിക്കാം, ആവശ്യമറിഞ്ഞ് – ശുഭദിനം
➖➖➖➖➖➖➖➖