രാജ്യസുരക്ഷയിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് മോദി; ദീപാവലി ആഘോഷം കാശ്മീരിൽ സൈനികർക്കൊപ്പം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷവും ജമ്മു കാശ്മീരിലെ സൈനികർക്കൊപ്പം. ഇന്ന് രാവിലെ വിമാനമാർഗം പ്രധാനമന്ത്രി ശ്രീനഗറിലെത്തി. നിയന്ത്രണരേഖക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്.

കരസേനാ മേധാവി എം എം നരവണെയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. പ്രധാനമന്ത്രി ആയിട്ടല്ല, സൈനിക കുടുംബത്തിലെ ഒരംഗമായാണ് താൻ എത്തിയതെന്ന് സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് ഞാൻ ഇവിടെ എത്തിയത്. രാജ്യം സൈനികരെ ഓർത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതല എല്ലാ ഇന്ത്യക്കാർക്കുമുണ്ടെന്നും മോദി പറഞ്ഞു

പ്രതിരോധ മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പാക്കും. സ്വന്തമായി ആയുധങ്ങളും യുദ്ധ ടാങ്കുകളും രാജ്യം നിർമിക്കുന്നു. വനിതകൾക്ക് സൈന്യത്തിൽ പ്രവേശനം നൽകുന്നു. സൈന്യത്തിൽ ചേരുന്നത് ഒരു ജോലിയല്ല, അതൊരു സേവനമാണ്. രാജ്യസുരക്ഷയാണ് പ്രധാനം. അതിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്നും മോദി പറഞ്ഞു.