മാസങ്ങളുടെ ഇടവേളക്ക് ശേഷം തീയേറ്റര്‍ വീണ്ടും തുറന്നതിന് പിന്നാലെ മലയാള സിനിമയുടെ റിലീസുകളെച്ചൊല്ലി നിരവധി വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന് ബി ഉണ്ണികൃഷ്ണന്. ഫെബ്രുവരി 10ന് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് അറിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്.
നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ചിത്രം ഒരു ആക്ഷന്‍ കോമഡി എന്റര്‍ടെയിനറായിരിക്കുമെന്നാണ് സംവിധായകന് ബി ഉണ്ണികൃഷ്ണന് നേരത്തെ അറിയിച്ചിരുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. 2255 നമ്പരുള്ള കറുത്ത ബെന്‍സ് കാറില്‍ മോഹന്‍ലാല്‍ വന്നിറങ്ങുന്ന സ്നീക്ക് പീക്കും പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങായിരുന്നു.
ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.