ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി സോഷ്യൽ മീഡിയാ ഭീമന്മാരായ ഫേസ്ബുക്ക്. ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നൽകുന്നത്. ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ ‘ഇൻഡിഫൈ’യുമായി സഹകരിച്ചാണ് പദ്ധതി. ലോണിന് പ്രോസസിങ് ഫീ ഒന്നും ഈടാക്കുന്നില്ലെന്നും, അപേക്ഷയും രേഖകളും പരിശോധിച്ച് ലോൺ അപ്രുവൽ ആയാൽ മൂന്നു ദിവസത്തിനകം തുക നൽകുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു.
ബിസിനസിന്റെ ആവശ്യം അനുസരിച്ച് രണ്ട് ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ, 17 മുതൽ 20 ശതമാനം വരെ വാർഷിക പലിശനിരക്കിലാണ് ലോൺ നൽകുന്നത്. ഫേസ്ബുക്കിലോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലോ 180 ദിവസമെങ്കിലും പരസ്യം ചെയ്തിട്ടുള്ള ബിസിനസുകൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. വനിതകൾ നടത്തുന്ന സംരംഭങ്ങൾക്ക് പലിശനിരക്കിൽ നേരിയ ഇളവുണ്ടാകും.
അപേക്ഷ ലഭിച്ച് ഒരു ദിവസത്തിനുള്ളിൽ ലോൺ അപ്രുവ് ചെയ്യുകയോ നിരസിക്കുകയോ ചെയ്തുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള സംരംഭങ്ങൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഇതിൽ നിന്ന് തങ്ങൾ പണമൊന്നും ഈടാക്കുന്നില്ലെന്നും ലോൺ നൽകാനുള്ളതടക്കമുള്ള തീരുമാനങ്ങൾ ഇൻഡിഫൈയുടേതായിരിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.