സംസ്‌ഥാനത്തെ ഒമ്പത് അണക്കെട്ടുകളിൽ റെഡ് അലാർട്ട്

 

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കക്കി, തൃശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽകൂത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ എന്നീ അണക്കെട്ടുകളിൽ റെഡ് അലാർട്ട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിന്റെ അണക്കെട്ടുകളിൽ പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശൂർ പീച്ചി എന്നിവിടങ്ങളിലും റെഡ് അലാർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

ഇടുക്കിയിലെ പൊൻമുടി, ഇടുക്കി ഡാം, പത്തനംതിട്ടയിലെ പമ്പ എന്നിവിടങ്ങളിൽ നീല അലാർട്ടും പ്രഖ്യപിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ എന്നിവിടങ്ങളിൽ ഓറഞ്ച് അലാർട്ടും പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പോത്തുണ്ടി, തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ നീല അലാർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര ജല കമ്മീഷന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മടമൺ, കല്ലൂപ്പാറ, തുമ്പമൺ, പുല്ലക്കയർ, മണിക്കൽ, തിരുവനന്തപുരം ജില്ലയിലെ വെള്ളായിക്കടവ്, അരുവിപ്പുറം എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മഴ നിലയ്‌ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.