സംസ്ഥാനത്ത് പരക്കെ മഴ; നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസ്സം: വ്യാപക നാശനഷ്ടം

കോഴിക്കോട്: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. മലബാര്‍ ജില്ലകളില്‍ ഇന്നലെ രാത്രി മുതലുള്ള തോരത്ത മഴയില്‍ വലിയ അപകടങ്ങളും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നീക്കം ചെയ്യാന്‍ ഉള്ള ശ്രമം തുടരുകയാണ്. ഒമ്പതാം മൈലിലും ഏഴാം മൈലിലും മരം വീണത് ഫയര്‍ഫോഴ്‌സ് എത്തി വെട്ടിമാറ്റി. വെള്ളച്ചാട്ടത്തിന് സമീപം റോഡിലേക്ക് വലിയ പാറക്കഷണം വീണ് കിടക്കുന്നത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു.

മലപ്പുറം കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളം കയറി. മണ്ണാര്‍ക്കാട്, അഗളി മേഖലയിലേക്ക് റോഡിലേക്ക് പാറകള്‍ ഒഴുകിയെത്തി. ചാലക്കുടി റെയില്‍വേ അടിപ്പാത മുങ്ങി. ചലാക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. നിരവധി വീടുകളില്‍ വെള്ളം കയറി. വയനാട്- കോഴിക്കോട് ദേശീയപാതയില്‍ മൂഴിക്കലില്‍ റോഡിലേക്ക് വെള്ളം കയറി. കോഴിക്കോടിന്റെ മലയോര മേഖലകളിലെ പുഴകളും തോടുകളുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.