ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല; ഇപ്പോഴുള്ള ജോലിയില്‍ ഞാന്‍ തുടരും: സുരേഷ് ഗോപി

 

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ താൻ സമർത്ഥനാണെന്നും അത് തുടരാൻ അനുവദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പിയിലെ മുതിർന്ന നേതാവും മുന്‍ സംസ്ഥാന ഭാരവാഹിയുമായിരുന്ന പി.പി മുകുന്ദനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുരേഷ് ഗോപി. എന്നാല്‍ മുകുന്ദനുമായുള്ള കൂടിക്കാഴ്ച സംഘടനാ കാര്യങ്ങളുമായി ബന്ധമുള്ളതല്ലെന്ന് സുരേഷ്ഗോപി പറഞ്ഞു.

നിലവിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെ പലതവണ പരസ്യമായി വിമര്‍ശിച്ച ബി.ജെ.പി നേതാവ് കൂടിയാണ് പി.പി മുകന്ദന്‍. സുരേന്ദ്രന്‍ കുഴല്‍പ്പണ വിവാദങ്ങളില്‍പ്പെട്ടപ്പോള്‍ സുരേന്ദ്രന്‍റെ നടപടി പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തുവെന്നും രാജിക്കാര്യത്തില്‍ സുരേന്ദ്രന്‍ തീരുമാനമെടുക്കണമെന്നും അടക്കം തുറന്നടിച്ച നേതാവാണ് മുകുന്ദന്‍.

ഗുരുതര പ്രതിസന്ധിയാണ്‌ സംസ്ഥാന ബി.ജെ.പിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രവർത്തകരിൽ ഹിതപരിശോധന നടത്തി നേതൃമാറ്റം വരുത്തണം. അല്ലെങ്കിൽ അത് സംഘപരിവാർ സംഘടനകളെ മുഴുവനായും ബാധിക്കും. കേരളത്തിൽ ബി.ജെ.പിയുടെ പ്രസക്തിതന്നെ ചോദ്യ ചെയ്യപ്പെടുന്നു. ഇത് പ്രവർത്തകരിൽ കടുത്ത നിരാശയാണുണ്ടാക്കുന്നത്. മുന്നോട്ടുപോകാൻ പാടുപെടേണ്ടിവരും’. കുഴല്‍പ്പണ വിവാദം കത്തിനില്‍ക്കുന്ന സമയത്തെ മുകുന്ദൻ്റെ പ്രതികരണം.