മൊഴികളിൽ വസ്തുതാവിരുദ്ധം: മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും

 

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ കെ സുരേന്ദ്രൻ നൽകിയ മൊഴികൾ വസ്തുതാ വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് വീണ്ടും നടപടിക്ക് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് പണം നൽകി പത്രിക പിൻവലിപ്പിച്ചെന്നാണ് പരാതിയിലാണ് നടപടി.

നേരത്തെ സുരേന്ദ്രനെ സെപ്റ്റംബർ 16ന് ചോദ്യം ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കെ സുന്ദരയെ തനിക്ക് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ പരാതിയിൽ പറയുന്ന കാസർകോടുള്ള ഹോട്ടലിൽ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴി തെറ്റാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. നഷ്ടപ്പെട്ടെന്ന് പറയുന്ന ഫോൺ സുരേന്ദ്രൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതടക്കം വ്യക്തത വരുത്താനാണ് സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുന്നത്.