മണ്ഡ്യയിൽ വെള്ളച്ചാട്ടത്തിൽ 2 മലയാളി യുവാക്കൾ മുങ്ങിമരിച്ചു

 

മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തിൽ 2 മലയാളി യുവാക്കൾ മുങ്ങിമരിച്ചു. ബെംഗളൂരു എംഎസ് പാളയയിൽ താമസിക്കുന്ന ഇരിട്ടി വള്ളിത്തോട് പൊൻതോക്കൻ വീട്ടിൽ തോമസിന്റെയും മീനയുടെയും ഏക മകൻ സിബിൽ തോമസ് (21), കോൾസ് പാർക്ക് നെഹ്റുപുരത്ത് താമസിക്കുന്ന ആലുവ സ്വദേശി ജേക്കബ് സാമുവലിന്റെയും ജയ്മോളുടെയും മകൻ സാമുവൽ ജേക്കബ് (21) എന്നിവരാണു മരിച്ചത്. ക്രിസ്തുജയന്തി കോളജിൽ പിജി വിദ്യാർഥികളായ ഇരുവരുടെയും ക്ലാസുകൾ ഇന്ന് ആരംഭിക്കാനിരിക്കെയാണ് ദുരന്തം.

ശനിയാഴ്ച രാവിലെ സ്കൂട്ടറിലാണ് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടത്. ഫൊട്ടോഗ്രഫിയിൽ താൽപര്യമുള്ള ഇരുവരും ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാൽവഴുതി വീണതാകാമെന്നു സംശയിക്കുന്നു.

വെള്ളച്ചാട്ടത്തിനു സമീപം ഇവരുടെ സ്കൂട്ടർ കണ്ടെത്തിയതിനിടെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.