സർക്കാരിനെതിരെ ഹൈക്കോടതി; മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുത്

 

കൊച്ചി: മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുതെന്നും ബെവ്‌കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ എക്‌സൈസ് കമ്മീഷണര്‍ മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. മദ്യവില്‍പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി

മദ്യശാലകളിലെ തിരക്ക് പരിഗണിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യത്തിലെ വീഴ്ച വീണ്ടും ചൂണ്ടിക്കാണിച്ചത്. അടിസ്ഥാന സൗകര്യമില്ലാത്ത എത്ര മദ്യശാലകള്‍ പൂട്ടിയെന്ന ചോദ്യത്തിന് 96 എണ്ണത്തില്‍ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്ന് ബെവ്‌കോ വ്യക്തമാക്കി. ബാക്കിയുള്ളവയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തീരുമാനമെനന്നും അറിയിച്ചു.