കൊല്ലത്ത് വാക്സിൻ എടുക്കാത്ത വ്യക്തിക്ക് വാക്സിൻ സർട്ടിഫിക്കറ്റ്; സാങ്കേതിക തകരാർ എന്ന് വിശദീകരണം

കൊവിഡ് വാക്സിൻ എടുക്കാത്ത ആളിന് വാക്സിൻ ലഭിച്ചെന്ന സർട്ടിഫിക്കറ്റ്. കൊല്ലം ജില്ലയിലെ അഞ്ചൽ നെട്ടയം സ്വദേശി ജയനാണ് വാക്സിൻ എടുക്കാതെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചത്.

 

നാൽപതുകാരനായ ജയൻ കൊവിഡ് വാക്സിൻ്റെ ആദ്യ ഡോസ് എടുക്കാനായി സഹോദരൻ്റെ ഫോണിൽ നിന്നും വോട്ടർ ഐഡി ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്തിരുന്നു. സെപ്റ്റംബർ ഏഴിന് വാക്സിൻ എടുക്കാൻ അനുവദിച്ച സന്ദേശവുമെത്തി. ഇടമുളക്കൽ പഞ്ചായത്തിലെ തടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താനായിരുന്നു അറിയിപ്പ്. ജോലിത്തിരക്കു കാരണം ജയന് അന്നേദിവസം പോകാൻ കഴിഞ്ഞില്ല.

 

പക്ഷേ വൈകുന്നേരത്തോടെ വാക്സിൻ എടുത്തെന്ന സർട്ടിഫിക്കറ്റാണ് ജയന് ലഭിച്ചത്. രണ്ടാം ഡോസ് വാക്സിനായുള്ള തീയതിയും അനുവദിച്ചു കിട്ടി. താനറിയാതെ തൻ്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് മറ്റാരെങ്കിലും വാക്സിൻ എടുത്തോ എന്നതാണ് ജയൻ്റെ ആശങ്ക. ഇനി തനിക്ക് വാക്സിൻ എടുക്കാൻ കഴിയുമോ എന്നും ജയൻ ചോദിക്കുന്നു.

സംഭവത്തിൽ ആരോഗ്യ വകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് ജയൻ. സംഭവം പരിശോധിക്കുമെന്നും സാങ്കേതിക തകരാറായിരിക്കുമെന്നാണ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ വിശദീകരണം.