കോഴിക്കോട്: നിപ ബാധിതനായ കുട്ടി കോഴിക്കോട് മരിക്കുകയും സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ നിപ ചികില്‍സയ്ക്ക് ആരോഗ്യവകുപ്പ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. നിപ പോസിറ്റീവായി ചികില്‍സയിലുള്ള രോഗികള്‍ക്ക് എല്ലാ ദിവസവും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. രോഗി ആരോഗ്യസ്ഥിതി വീണ്ടെടുത്താലോ, രണ്ടുതവണയായി 5 ദിവസത്തെ ഇടവേളയില്‍ ആര്‍ട്ടിപിസിആര്‍ ഫലം 3 സാംപിളും നെഗറ്റീവ് ആവുകയോ ചെയ്താല്‍ ചികില്സിക്കുന്ന ഡോക്ടറും മെഡിക്കല്‍ ബോര്‍ഡും തീരുമാനിച്ചാല്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാം.
ആദ്യഫലം നെഗറ്റീവ് ആയാല്‍ 3 ദിവസം നിരീക്ഷണത്തില്‍ കഴിയണം. തുടര്‍ന്നും ലക്ഷണങ്ങളില്ലെങ്കില്‍ പിന്നീട് 21 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. ലക്ഷണങ്ങളുള്ളവര്‍ക്ക് തുടര്‍പരിശോധനകള്‍ നടത്തും. ഫലം നെഗറ്റീവാകുകയും ലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ പിന്നീട് 3 ദിവസം നിരീക്ഷണത്തില്‍ കഴിയണം. തുടര്‍ന്നും ലക്ഷണമില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യും. ഫലം പോസിറ്റീവ് അല്ലാത്ത, ലക്ഷണമുള്ളവര്‍ക്ക് മറ്റു രോഗമുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന നടത്താനും പ്രോട്ടോക്കോളില്‍ ശുപാര്‍ശ ചെയ്യുന്നു.
പനി, തലവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ നിര്‍ബന്ധമായും ചികില്‍സ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. മരിച്ച 12 വയസുകാരന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 11 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിശോധനയുടെ ഭാഗമായി നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടും പരിസരവും കേന്ദ്രസംഘം ഇന്നും സന്ദര്‍ശിക്കും. കോഴിക്കോട് ചാത്തമംഗലം മുന്നൂരില്‍ റിപോര്‍ട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്തുകയാണ് പ്രധാനമായും ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയ റമ്പൂട്ടാന്‍ മരത്തില്‍നിന്ന് പഴങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചിരുന്നു.
ഇന്നത്തെ പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് കരുതുന്നത്. സമ്പര്‍ക്കത്തിലുള്ളവരുടെ സാംപിള്‍ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈകീട്ടോടെ എന്‍ഐവി ലാബുകള്‍ സജ്ജീകരിക്കും. ട്രൂനാറ്റ് ടെസ്റ്റിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. അതിനായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സംഘം മെഡിക്കല്‍ കോളജിലെത്തും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂന്ന് ദിവസം ആരോഗ്യമന്ത്രി ജില്ലയില്‍ തുടരും. പ്രത്യേക സാഹചര്യത്തില്‍ ചാത്തമംഗലം പഞ്ചായത്ത് അടിയന്തരയോഗവും വിളിച്ചിട്ടുണ്ട്. നിലവില്‍ ചാത്തമംഗലം പഞ്ചായത്തും സമീപവാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.