എ വി ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു

 

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ അഭ്യൂഹങ്ങൾക്കൊടുവിൽ പാലക്കാട്ടെ മുതിർന്ന നേതാവ് എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. വികാരാധീനനായാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്.

15 വയസ്സ് മുതൽ കോൺഗ്രസിൽ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോൺഗ്രസ് എന്നും നിറഞ്ഞു നിൽക്കണമെന്നാഗ്രഹിച്ച ഒരാളായിരുന്നു. പാർട്ടിയിൽ കണ്ടുവരുന്ന സംഭവങ്ങളും സംഭവവികാസങ്ങളും വർഷങ്ങളായി മനസ്സിനെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യം എല്ലാ ദിവസവും സൃഷ്ടിച്ചു വരികയാണ്.

സ്വാതന്ത്ര്യ സമന സേനാനികളുടെ മനസ്സിനകത്തുണ്ടായിരുന്ന കോൺഗ്രസ് ഞങ്ങളുടെ സ്വപ്‌നമായിരുന്നു. നിർഭാഗ്യമെന്ന് പറയട്ടെ കോൺഗ്രസിനും കോൺഗ്രസിന്റെ നേതാക്കൻമാർക്കും ഉയരാൻ കഴിയില്ലെന്ന ചിന്ത പാർട്ടി പ്രവർത്തകരുടെ മനസ്സിനകത്ത് വന്നു ചേർന്നാൽ ആരെയും കുറ്റപ്പെടുത്താൻ സാധിക്കില്ല. പ്രതീക്ഷയില്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ്സ് പലതവണ ആവശ്യപ്പെട്ടു. ഈ നിമിഷം മുതൽ കോൺഗ്രസുകാരൻ അല്ലാതായി മാറിയിരിക്കുന്നുവെന്നും നിലവിൽ മറ്റ് പാർട്ടിയിലേക്ക് പോകുന്നില്ലെന്നും സിപിഎം അടക്കമുള്ള പാർട്ടികളുമായി അയിച്ചമില്ലെന്നും എ വി ഗോപിനാഥ് അറിയിച്ചു.