ചങ്ങനാശ്ശേരി: ഫോൺ നമ്പർ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയിൽ അഞ്ചുപേർ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് നടപടിയുണ്ടായത്. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പാലക്കാട് സ്വദേശി നിഷാന്ത്, ഹരിപ്പാട് സ്വദേശികളായ രതീഷ് ആനാരി, ഷാജി, അനിക്കുട്ടന്‍, പാണംചേരി സ്വദേശി വിപിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടർന്ന് എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത നേരിട്ട് എത്തി അന്വേഷണം ഏകോപിപ്പിച്ചു.
ദിവസവും ഇരുന്നൂറിലധികം കോളുകളാണ് വീട്ടമ്മയ്ക്ക് വന്നുകൊണ്ടിരുന്നത്. എട്ടുമാസം മുമ്പ് ഇവർ സംഭവം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രതികരണംവന്ന് മിനിറ്റുകൾക്കകം ചങ്ങനാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 44 പേർ ജെസിയെ വിളിച്ചതായി കണ്ടെത്തി.