ഇന്ത്യ വികസനത്തിന്റെ നിർണായക ഘട്ടത്തിൽ: ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയിൽ ആഘോഷങ്ങൾ തുടരുകയാണ്. രാവിലെ ഏഴ് മണിയോടെ ഗാന്ധിസമാധിയായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാർച്ച നടത്തി. ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി.

സ്വാതന്ത്ര സമര പോരാളികളെ അനുസ്മരിച്ചും കൊവിഡ് ഭടൻമാർക്ക് ആദരമർപ്പിച്ചുമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക് മെഡൽ ജേതാക്കൾ പകർന്നത് ജനകോടികളുടെ ഹൃദയമാണ്. സ്വന്തമായി കൊവിഡ് വാക്‌സിൻ നിർമിക്കാൻ കഴിഞ്ഞത് വൻ നേട്ടമായെന്നും പ്രധാനമന്ത്രി പറഞ്ഞു

മുഴുവൻ പൗരൻമരെയും രാജ്യത്തിന്റെ വികസന പദ്ധതികളിൽ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ വളർച്ചയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്ക് സ്മരിക്കപ്പെടും. രാജ്യം വികസനത്തിന്റെ നിർണായക ഘട്ടത്തിലാണ്. പുതു ഊർജം നൽകുന്ന വർഷമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു