സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ്ണ ലോക്ഡൗൺ; ചട്ടലംഘനത്തിന് ഇന്നലെ മാത്രം അറസ്റ്റിലായത് രണ്ടായിരം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സമ്പൂർണ്ണ ലോക്ഡൗൺ തുടരും. ഹോട്ടലുകളിൽ നിന്ന് പാർസൽ വാങ്ങാൻ ഇന്നും അനുമതിയില്ല. ഓൺലൈൻ ഓർഡർ മാത്രമേ അനുവദിക്കൂ. ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 2000 പേർ അറസ്റ്റിലായി. 5000 പേർക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങൾ പിടിച്ചെടുത്തു. ടെസ്റ്റ് പോസിറ്റിവിറ്റി പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണിൽ വലിയ ഇളവുകൾക്ക് സാധ്യതയുണ്ട്.

സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് ഇന്ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം. നിലവിൽ ജൂൺ 16 വരെയാണ് കേരളത്തിൽ ലോക് ഡൗൺ നീട്ടിയിരിക്കുന്നത്.