പ്രണയിനിയെ പത്ത് വര്‍ഷം മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ വനിതാ കമ്മീഷൻ ഇടപെടുന്നു

അയല്‍ക്കാരിയായ പ്രണയിനിയെ പത്ത് വര്‍ഷം മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടുന്നു. യുവതിയെ സന്ദര്‍ശിക്കാന്‍ ഉടന്‍ നെന്മാറിയിലേക്ക് പോകുമെന്നും, മൊഴിയെടുക്കുമെന്നും കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു.

സാമാന്യ യുക്തിക്കു നിരക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും, ദൈനംദിനകാര്യങ്ങള്‍ പോലും നിറവേറ്റാനാവാതെയാണ് യുവതി താമസിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഷിജി പറഞ്ഞു. മനുഷ്യാവകാശലംഘനം നടന്നതായാണ് വിലയിരുത്തലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സംഭവവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടികളില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് കമ്മിഷന്‍ പരിശോധിക്കുമെന്നും ഷിജി ശിവജി പറഞ്ഞു. തനിക്ക് പരാതികളില്ലെന്ന് യുവതി പറഞ്ഞതായി നെന്മാറ എംഎല്‍എ കെ ബാബു നേരത്തെ പ്രതികരിച്ചിരുന്നു.

2010 ഫെബ്രുവരിയിലാണ് അയിലൂര്‍ സ്വദേശിയായ യുവതിയെ കാണാതായത്. കഴിഞ്ഞ പത്ത് വര്‍ഷം മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഉള്‍പ്പെടുന്ന തന്റെ വീട്ടില്‍ പ്രണയിനിയായ സജിതയെ ഒളിപ്പിച്ച്‌ താമസിപ്പിച്ചുവെന്നാണ് റഹ്മാന്‍ പറയുന്നത്.