സംഘർഷം അതിരൂക്ഷം: ഗാസയിൽ 100ലേറെ പേർ കൊല്ലപ്പെട്ടു; ഇസ്രായേൽ കര-വ്യോമസേനാ അക്രമണം ആരംഭിച്ചു

 

ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. 109 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 28 പേർ കൂട്ടികളാണ്. ഏഴ് ഇസ്രായേലി പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്.

580 പേർക്ക് പരുക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടൽ ആരംഭിച്ച് നാല് ദിവസത്തിനിടെയുള്ള കണക്കാണിത്. ഗാസ അതിർത്തിയിൽ ഇസ്രായേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയും കരസേനയും ആക്രമണം തുടങ്ങിയതായി ഇസ്രായേൽ അറിയിച്ചു. ഏഴായിരത്തോളം സൈനികരാണ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്

2014ന് ശേഷം ഇരു വിഭാഗങ്ങളും തമ്മിൽ ഇത്രയേറെ രൂക്ഷ ഏറ്റുമുട്ടലുണ്ടാകുന്നത് ഇതാദ്യമാണ്. ഇരുപക്ഷവും വെടിനിർത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഈജിപ്ത്, കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളും സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.