കോവിഡ് വ്യാപനം: രാജ്യത്തെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ന്നു: കോൺഗ്രസ്

 

ന്യൂഡൽഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിസ്സംഗത, നിര്‍വികാരത, കഴിവില്ലായ്മ എന്നിവയുടെ നേരിട്ടുള്ള പരിണതഫലങ്ങളാണ് രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയത്.

രാജ്യത്തെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ന്നെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവഗണനയ്ക്ക് രാജ്യം വലിയ വില നല്‍കേണ്ടിവന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ സ്ട്രാറ്റജിയിലും വിതരണത്തിലെ അപര്യാപ്തതയും വിവേചനപരമായ വില നിര്‍ണയത്തിലും കോണ്‍ഗ്രസ് ആശങ്ക പ്രകടിപ്പിച്ചു.

രാജ്യത്ത് വാക്‌സിന്‍ വിതരണം വേഗത്തിലാക്കണമെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രി അന്തസിന് ചേരാത്ത മറുപടിയാണ് ഈ കത്തിന് നല്‍കിയത്. കൊവിഡ് മരണങ്ങളുടെ കണക്കില്‍ വന്‍ പിഴവുണ്ടെന്ന വസ്തുത ആശങ്ക ഉയര്‍ത്തുന്നതാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.