തൃശൂര്‍: വനിതാ ദന്തഡോക്‌ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്.ജോസിന്റെയും ഷെര്‍ലിയുടെയും മകള്‍ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെയാണ് ചോറ്റാനിക്കരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസമായി ചോറ്റാനിക്കരയില്‍ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാല്‍ ലോഡ്‌ജ് ജീവനക്കാരന്‍ പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊലപാതകക്കേസില്‍ അറസ്റ്റിലായിരുന്ന മഹേഷിനു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ ഈ മാസം 20നാണ് ചോറ്റാനിക്കരയില്‍ മുറിയെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചോറ്റാനിക്കര പൊലീസ് മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
2020 സെപ്‌തംബര്‍ 29നാണ് സോനയെ മഹേഷ് കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സോന, ഒക്ടോബര്‍ നാലിന് മരിച്ചു. സോനയുടെ ഒപ്പം താമസിച്ചിരുന്ന ബിസിനസ് പങ്കാളിയായിരുന്നു മഹേഷ്. സാമ്ബത്തിക പ്രശ്നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.