ഉത്തർപ്രദേശിലെ ഹാത്രാസിൽ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ചു കൊന്നു. 2018ൽ നടന്ന കേസിൽ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ഗൗരവ് ശർമയാണ് പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ മകളെ പീഡിപ്പിച്ചെന്ന കേസിലാണ് ഗൗരവ് അറസ്റ്റിലാകുന്നത്. തിങ്കളാഴ്ച ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് വെച്ച് പ്രതിയുടെ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഗൗരവ് ശർമ കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയത്
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയെങ്കിലും ഗൗരവ് ശർമ ഒളിവിലാണ്. ഹാത്രാസിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ഹാത്രാസിൽ തന്നെ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയിരുന്നു.