സംസ്ഥാനത്ത് ആശങ്ക രൂക്ഷമാക്കി സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുത്തനെ ഉയരുന്നു. ഇന്ന് 481 പേർക്കാണ് സമ്പർക്കത്തിലൂടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 301 കേസുകളും തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ്.
തിരുവനന്തപുരത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 16 പേർ വേറെയുമുണ്ട്. കഴിഞ്ഞ ദിവസം ഹൈപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് ഇതേ സ്ഥാപനത്തിലെ 17 പേർക്ക് കൂടി രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിൽ നിന്ന് ഇനിയും ഫലം വരാനുണ്ട്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ദിവസേന നൂറുകണക്കിന് പേരാണ് വന്നുപോയത്. ഇവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവിടെ ജോലി ചെയ്യുന്നവരിൽ ഏറെയും തമിഴ്നാട്ടുകാരാണ്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്.
തലസ്ഥാനത്ത് നിയന്ത്രണം പാലിക്കാതെ ആളുകൾ കടയിൽ വന്ന് സാധനം വാങ്ങുന്നതിനൊപ്പം കൊറോണയും വാങ്ങി തിരിച്ചു പോകുന്ന അവല്ഥയാണ്. തലസ്ഥാനത്തെ ആർക്കൊക്കെ രോഗം ബാധിച്ചെന്ന് പരിശോധനയിലൂടെ വ്യക്തമാകുകയുള്ളു. ഈ ദിവസങ്ങളിൽ ഈ കടയിൽ പോയി തുണി വാങ്ങിയവർ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു