പാലക്കാട് ജില്ലാ ജഡ്ജി മുത്തലാഖ് ചൊല്ലിയെന്ന് ഭാര്യ; ഹൈക്കോടതിയെ സമീപിച്ചു

പാലക്കാട് ജില്ലാ സെഷൻസ് കോടതി ജഡ്ജി ബി കലാം പാഷ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ഭാര്യ രംഗത്ത്. കലാം പാഷക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു. കലാം പാഷയുടെ സഹോദരനായ റിട്ട. ജസ്റ്റിസ് ബി കെമാൽ പാഷ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇവർ ആരോപിച്ചു

2018 മാർച്ച് ഒന്നിനാണ് ബി കലാം പാഷ മുത്തലാഖ് ചൊല്ലിയതായുള്ള കത്ത് നൽകിയത്. തലാഖ് ചൊല്ലിയുള്ള കത്തിൽ 2018 മാർച്ച് 1 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അച്ചടി പിശകാണെന്നും 2018 മാർച്ച് 1 എന്നത് 2017 മാർച്ച് 1 എന്ന തിരുത്തണമെന്നാവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നൽകി

മുത്തലാഖ് നിരോധിക്കുന്നതിന് മുമ്പുള്ള തീയതി രേഖപെടുത്തി നിയമനടപടികളിൽ നിന്ന് രക്ഷപെടാനാണ് ഇത് ചെയ്തതെന്ന് പരാതിക്കാരി ആരോപിക്കുന്നു. അതേസമയം സുപ്രീം കോടതി വിധി പ്രകാരം ജഡ്ജിക്കെതിരെ കേസെടുക്കണമെങ്കിൽ ബന്ധപ്പെട്ട ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമാണ്

രണ്ട് വർഷം മുമ്പുള്ള പരാതിയിൽ ഹൈക്കോടതി വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുകയും റിപ്പോർട്ട് ചീഫ് ജസ്റ്റിസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇത് പരിശോധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.