കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേരിട്ട് സമര രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി വരുന്ന ശനിയാഴ്ച രാജസ്ഥാനിലെ അജ്മീറിൽ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തും. 12, 13 തീയതികളിൽ രാജസ്ഥാനിൽ മഹാപഞ്ചായത്തും കോൺഗ്രസ് സംഘടിപ്പി്കകും
നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടെയാണ് കോൺഗ്രസ് സമരം ശക്തമാക്കുന്നത്. കാർഷിക നിയമങ്ങൾ പാസാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധി പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ട്രാക്ടർ റാലി നടത്തിയിരുന്നു. ഇതിന് ശേഷം സമരത്തിൽ അദ്ദേഹം നേരിട്ട് ഇടപെട്ടിരുന്നില്ല. എന്നാൽ കർഷക പ്രക്ഷോഭം കേന്ദ്രത്തിന് മുന്നിൽ വലിയ പ്രതിസന്ധി ആയതോടെയാണ് രാഹുലും നേരിട്ടിറങ്ങുന്നത്
അതേസമയം റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ നടന്ന അനിഷ്ട സംഭവങ്ങളിൽ നാൽപത് കർഷക നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി പോലീസ് നോട്ടീസ് അയച്ചു. അതേസമയം തങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് കർഷക നേതാക്കൾ പറയുന്നത്.