തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം: അഞ്ചു ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി

എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അഞ്ചു ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശസ്ഥാപനത്തിലെ 8116 വാര്‍ഡിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 350 ഗ്രാമപഞ്ചായത്തും 58 ബ്ലോക്ക് പഞ്ചായത്തും 36 മുനിസിപ്പാലിറ്റിയും രണ്ടാംഘട്ടത്തില്‍ വിധിയെഴുതും. അഞ്ച് ജില്ലാപഞ്ചായത്തിലായി 124 ഡിവിഷനിലും കൊച്ചി, തൃശ്ശൂര്‍ കോര്‍പറേഷനുകളിലായി 128 വാര്‍ഡിലുമാണ് വോട്ടെടുപ്പ് നടക്കുക. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ാാം വാര്‍ഡിലെയും തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴിയിലെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

 

രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ബുധനാഴ്ച വൈകീട്ട് മൂന്നുമുതല്‍ വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റൈനില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ പ്രത്യേകം നിയോഗിച്ച ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രവുമായി ബൂത്തില്‍ നേരിട്ടെത്തി വോട്ടുചെയ്യാം. വൈകീട്ട് ആറിനുമുമ്പ് ഇവര്‍ ബൂത്തിലെത്തണം. മറ്റ് വോട്ടര്‍മാര്‍ വോട്ടുചെയ്തശേഷമാവും അവസരം. സംസ്ഥാനത്ത് ആകെ മൂന്നുഘട്ടമായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാംഘട്ടം 14ന് നടക്കും. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അവസാനഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തില്‍ 72.67 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വോട്ടെടുപ്പാണ് ഒന്നാംഘട്ടത്തില്‍ നടന്നത്.