അങ്കമാലിയിൽ ദമ്പതികളായ യുവാവിനെയും യുവതിയെയും കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രൊളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. അങ്കമാലി മുന്നൂർപ്പിള്ളി മാരേക്കാടൻ ശിവദാസന്റെ മകൻ നിഷിൽ(31)ആണ് ആത്മഹത്യ ചെയ്തത്.
പാലിശ്ശേരി വാഴക്കാല വീട്ടിൽ ഡൈമിസ് ഡേവിസ്(34), ഭാര്യ ഫിഫി(28) എന്നിവർക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം. കത്തിയും പെട്രോളുമായാണ് നിഷിൽ ഇവരുടെ വീട്ടിലെത്തിയത്. നിഷിൽ എത്തിയപ്പോൾ ഡൈമിസും ഫിഫിയും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പോയിരിക്കുകയായിരുന്നു. ഇരുവരും തിരിച്ചെത്തുന്നത് വരെ ഇയാൾ വീടിന്റെ പിന്നിൽ കാത്തിരുന്നു
വളർത്തു നായക്ക് ചോറ് നൽകാൻ വീടിന്റെ പിൻഭാഗത്ത് എത്തിയ ഫിഫിയെ ആണ് നിഷിൽ ആദ്യം കുത്തിയത്. പിന്നാലെ വന്ന ഡൈമിസിനെയും കുത്തി വീഴ്ത്തി. തുടർന്ന് ഇയാൾ സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചത്. ഡൈമിലും ഫിഫിയും അപകടനില തരണം ചെയ്തു. നിഷിൽ ഏതാനും നാളുകൾക്ക് മുമ്പ് ഡൈമിസിന്റെ വീട്ടിൽ ടൈൽസ് പണിക്ക് വന്നിരുന്നു. അതേസമയം ആക്രമണത്തിന്റെയും യുവാവിന്റെ ആത്മഹത്യയുടെയും കാരണം വ്യക്തമല്ല