കാസർകോട്ടെ ടാറ്റാ ആശുപത്രി പ്രവർത്തന ക്ഷമമാക്കണം; മരണം വരെ നിരാഹാരസമരം പ്രഖ്യാപിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട് നിർമിച്ച ടാറ്റാ ആശുപത്രി പ്രവർത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നവംബർ ഒന്ന് മുതൽ സമരം ആരംഭിക്കും.

 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓൺലൈനായി സമരം ഉദ്ഘാടനം ചെയ്യും. ജില്ലയുടെ ആരോഗ്യമേഖലയിലേക്ക് സർക്കാരിന്റെ ശ്രദ്ധ പതിയാനായി തന്റെ ജീവൻ ബലിദാനം ചെയ്യും. ആശുപത്രിയിലേക്ക് നിയമനം നടത്താൻ തസ്തികയായി. എന്നാൽ നിയമനം നടന്നില്ല. പത്ത് കോടി രൂപ കലക്ടറുടെ ഫണ്ടിൽ ദുരന്തനിവാരണ തുകയായി കിടപ്പുണ്ട്. ഇതിൽ രണ്ടരക്കോടിയാണ് ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങാൻ നീക്കി വെച്ചത്. ഇതിനുള്ള അനുമതി പോലും സർക്കാർ നൽകുന്നില്ല

ജില്ലയിൽ 168 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പതിനേഴായിരത്തിലധികം പേർ രോഗബാധിതരായി. എന്നിട്ടും ജില്ലയിലെ ജനങ്ങളുടെ ക്ഷമ സർക്കാർ പരീക്ഷിക്കുകയാണെന്നും എംപി ആരോപിച്ചു.