Headlines

റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ഹൂതി ആക്രമണശ്രമങ്ങള്‍; മിസൈലുകള്‍ തകര്‍ത്തതായി സൗദി സഖ്യസേന

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ സഖ്യസേന പരാജയപ്പെടുത്തി. റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും മിസൈലുകള്‍ തകര്‍ത്തതായി സഖ്യസേന വക്താവ് അറിയിച്ചു. അതേസമയം യമനില്‍ ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി സഖ്യസേന നല്‍കി. (Saudi Arabia intercepts missiles as Houthis claim attacks on Riyadh airport)

സൌദിയുടെ പല ഭാഗത്തും ഇന്ന് പുലര്‍ച്ചെ മുതല്‍ അപായ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. റിയാദ്, ബുഖൈഖ്, അല്‍ ഹസ തുടങ്ങിയ മേഖലകളില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം ലഭിച്ചു. ഇതിന് പിന്നാലെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമാക്കി 2 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണ ശ്രമം നടന്നു. രണ്ടും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ പ്രതിരോധ സേന തകര്‍ത്തു. തകര്‍ക്കപ്പെട്ട മിസൈല്‍ അവശിഷ്ടങ്ങള്‍ നിലത്ത് പതിച്ചെങ്കിലും ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇതിന് പിന്നാലെ റിയാദ് ലക്ഷ്യമാക്കി വന്ന ഒരു ബാലിസ്റ്റിക് മിസൈലും തകര്‍ത്തു. ഈ രണ്ട് ആക്രമണ ശ്രമങ്ങളിലും നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.

സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചാല്‍ ശക്തമായി മറുപടി നല്‍കുമെന്ന് സഖ്യസേന ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ജിസാന് നേരെ ആക്രമണം നടത്തിയ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചര്‍ സഖ്യസേന തകര്‍ത്തു. യമനിലെ സഅദയിലാണ് ഈ ആക്രമണം നടത്തിയത്. ഇതിന് പുറമെ നിരവധി ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയതായും സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു.