Headlines

വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം; TVK എംഎൽഎ അരുൾ വിഘ്നേഷിനെ അറസ്റ്റ് ചെയ്തു

തമിഴ്നാട്: വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ ടിവികെ എംഎൽഎ അറസ്റ്റിൽ. കള്ളാക്കുറിച്ചി എംഎൽഎ അരുൾ വിഘ്നേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പൂർ എസ്പി സൃഷ്ടി സിങിന്റെ നേതൃത്വത്തിൽ കള്ളാക്കുറിച്ചിയിലെ അരുളിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

അശ്ലീല വാട്സാപ്പ് സന്ദേശങ്ങൾ അയക്കുക, ഉദ്യോഗസ്ഥയുടെ രൂപത്തെയും വസ്ത്രധാരണത്തെയും കുറിച്ച് അരോചകമായ പരാമർശങ്ങൾ നടത്തുക, പൊതുപരിപാടികളിൽ വെച്ച് അനുവാദമില്ലാതെ ശാരീരികമായി സ്പർശിക്കാൻ ശ്രമിക്കുക തുടങ്ങിയ ആരോപണങ്ങളാണ് എംഎൽഎയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ, രാത്രിയിൽ ഉദ്യോഗസ്ഥയുടെ ഔദ്യോഗിക വസതിയിലെത്താൻ എം.എൽ.എ ശ്രമിച്ചതായും ആരോപണമുണ്ട്.

എന്നാൽ തന്റെയും ഭരണകക്ഷിയുടെയും പ്രതിച്ഛായ തകർക്കാൻ വേണ്ടി പ്രചരിപ്പിക്കുന്ന വ്യാജ ആരോപണങ്ങളാണിവ എന്ന് വ്യക്തമാക്കി, അരുൾ വിഘ്നേഷ് നേരത്തെ തന്നെ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

അശ്ലീല സന്ദേശം ലഭിച്ച ഉദ്യോഗസ്ഥ നവംബർ 23-ന് പൊലീസ് സൂപ്രണ്ട് ഷഹനാസ് ഐയ്ക്ക് ഔദ്യോഗികമായി പരാതി നൽകുകയും ഈ പരാതിയുടെ അടിസ്ഥാനത്തിൽ, കള്ളാകുറിച്ചിയിലെ വനിതാ പൊലീസ് സ്റ്റേഷനിൽ എംഎൽഎയ്‌ക്കെതിരെ അഞ്ച് നിയമവകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

ഡിഎംകെ എംപി കനിമൊഴി കരുണാനിധിയാണ് ഈ ആരോപണങ്ങൾ നേരത്തെ പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്. ഇതിനെത്തുടർന്ന്, ഡിഎംകെയും എഐഎഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ബന്ധപ്പെട്ട ജനപ്രതിനിധിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ദേശീയ വനിതാ കമ്മീഷനും (NCW) ഈ ആരോപണങ്ങൾ സ്വമേധയാ പരിഗണിക്കുകയും, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഈ വിഷയത്തിൽ ഇടപെട്ട മദ്രാസ് ഹൈക്കോടതി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കുകയിരുന്നു.

തമിഴ്‌നാട് സർക്കാർ നാലംഗ ‘ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി’ (ICC) രൂപീകരിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കാകർല ഉഷ അധ്യക്ഷയാകുന്ന ഈ സമിതിയിൽ, ഭിന്നശേഷി ക്ഷേമ വകുപ്പ് സെക്രട്ടറി എസ്. മധുമതി, നിയമ സെക്രട്ടറി പി. സുമതി, ഒരു എൻ.ജി.ഒയെ പ്രതിനിധീകരിക്കുന്ന സുനിത ജോ എന്നിവർ അംഗങ്ങളാണ്.

60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും, ‘പോഷ്’ (POSH) നിയമപ്രകാരം ഉചിതമായ നടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്യാനും ഈ സമിതിയോട് നിർദേശിച്ചിട്ടുണ്ട്.

അന്വേഷണം നീതിയുക്തമാണെന്ന് ഉറപ്പാക്കാൻ, മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പോലീസ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിരുന്നു. തിരുപ്പൂർ പൊലീസ് സൂപ്രണ്ട് സൃഷ്ടി സിംഗിനെ അന്വേഷണ ഉദ്യോഗസ്ഥയായും, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് എൻ. കാമിനിയെ അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥയായും നിയമിച്ചു.