Headlines

സ്മോളടിക്ക് ‘ടെസ്റ്റ്’ ഡോസ്, ഒരു ‘മദ്യപ്രദേശ്’ ടെക്നിക്; മദ്യശാലകളിൽ കരൾ പരിശോധന

സാഗർ (മധ്യപ്രദേശ്) ∙ പതിവായി മദ്യശാലകളിലെത്തുന്നവരോട് കയ്യിൽ കാശുണ്ടോ എന്നു ചോദിക്കുന്നതിനു പകരം ഉള്ളിൽ കരളുണ്ടോ എന്നു ചോദിക്കുകയാണ് മധ്യപ്രദേശ് സർക്കാർ.

സാഗർ മദ്യദുരന്തത്തിനു പിന്നാലെ മധ്യപ്രദേശ് സർക്കാർ മദ്യശാലകളിൽ ആരോഗ്യപരിശോധനാ ക്യാംപുകൾ നടത്തുന്നു. രണ്ടെണ്ണം അടിക്കാനെത്തുന്നവർക്ക് ബിപിയും ഷുഗർ, ലിവർ ടെസ്റ്റുകളൊക്കെ നടത്തി ഫലം കാണിച്ചു കൊടുക്കും. നിങ്ങളുടെ ആരോഗ്യം പ്രശ്നമാണെന്നും ഇനിയും അടിച്ചാൽ പ്രശ്നമാകുമെന്നും പറഞ്ഞു മനസ്സിലാക്കും. ജീവൻ അപകടത്തിലാണെന്നു തിരിച്ചറിഞ്ഞാൽ പലരും മദ്യപാനശീലം ഉപേക്ഷിക്കുമെന്നാണു പ്രതീക്ഷ. ഇതിനായി ആരോഗ്യ-എക്സൈസ് വകുപ്പുകളുടെ സംയുക്തസംഘം രൂപീകരിച്ചു. ഇവർ മദ്യശാലകളിലെത്തി ‘പതിവുകാരെ’ ബോധവൽക്കരിച്ചു തുടങ്ങി. സാഗർ സിറ്റി, ദേവൂരി, രാഹ്‌ലി, ബിന, ഖുറായ് എന്നിവിടങ്ങളിൽ നൂറോളം മദ്യപാനികൾ പരിശോധനയ്ക്കു വിധേയരായി.

സാഗർ മദ്യദുരന്തത്തിൽ 20 പേർ മരിച്ചതോടെ ജില്ലാ ജഡ്ജി ദിലീപ് കുമാർ യാദവാണ് സ്ഥിരം മദ്യപാനികളെ ബോധവൽക്കരിക്കണമെന്ന് ഉത്തരവിട്ടത്. മദ്യദുരന്തത്തിലെ ഇരകൾക്ക്, നേരത്തെ തന്നെ ഗുരുതരമായ കരൾ, വൃക്ക രോഗങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട് ലഭിച്ചതോടെയാണിത്. സ്ഥിരമായി മദ്യപിക്കുന്നവരെ കണ്ടെത്താനുള്ള മികച്ച ഇടം മദ്യശാലകൾ തന്നെയാണെന്നും അവിടെത്തന്നെ രക്തപരിശോധന നടത്തണമെന്നും തീരുമാനിച്ചു തയാറാക്കിയ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജി ദിലീപ് കുമാർ യാദവ് തന്നെ നിർവഹിച്ചു. പരിശോധന കൂടുതൽ ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണു ശ്രമം.