Headlines

ചക്കക്കൊമ്പന് റേഡിയോ കോളർ: ദൗത്യം ആരംഭിച്ചു, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പുറപ്പെട്ടു

ചിന്നക്കനാൽ (ഇടുക്കി)∙ ചക്കക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന വനംവകുപ്പിന്റെ ദൗത്യം ആരംഭിച്ചു. 100 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വിവിധ ടീമുകളായി പുറപ്പെട്ടു. 5 ഡോക്ടർമാരും 15 അംഗ ട്രെക്കിങ് ടീമും മിഷൻ ചക്കക്കൊമ്പന്റെ ഭാഗമാണ്. വയനാട് മുത്തങ്ങയിൽ നിന്നെത്തിച്ച 2 കുങ്കിയാനകളും ദൗത്യത്തിന് ഒപ്പമുണ്ട്. ഇന്നലെ വൈകിട്ടുവരെ ചിന്നക്കനാൽ പഞ്ചായത്തിലെ 80 ഏക്കർ ഭാഗത്തുണ്ടായിരുന്ന ചക്കക്കൊമ്പൻ 301 കോളനിക്ക് സമീപമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മയക്കുവെടി വയ്ക്കാനായി വനംവകുപ്പ് കണ്ടെത്തിയ തുറസ്സായ ഇടങ്ങളിലേക്ക് കൊമ്പനെ എത്തിക്കുകയാണ് ആദ്യപടി. സാഹചര്യം അനുകൂലമാണെങ്കിൽ മയക്കുവെടി വയ്ക്കും.

∙നിരോധനാജ്ഞ, അവധി

ചിന്നക്കനാൽ പഞ്ചായത്തിലെ 6 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്. ഇന്നലെ വൈകിട്ടോടെ വനംവകുപ്പ് മോക്ഡ്രിൽ സംഘടിപ്പിച്ചു. ഡോക്ടർമാരും ട്രെക്കിങ് ടീമും ഇതിന്റെ ഭാഗമായി. ഡ്രോൺ നിരീക്ഷണത്തിൽ കാട്ടാനയെ കണ്ടെത്തിയെന്ന സൂചനയുടെ പിന്നാലെ ഒരു കുങ്കിയാനയുടെ അകമ്പടിയോടെയായിരുന്നു മോക്ഡ്രിൽ. സിമന്റ് പാലത്തിൽനിന്ന് ബിഎൽ റാം ഭാഗത്തേക്ക് ദൗത്യസംഘം യാത്ര ചെയ്തു. പിന്നീട് തിരിച്ചെത്തി.