Headlines

ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

മലപ്പുറം: അതിവേഗം മുഖകാന്തി ഓഫര്‍ ചെയ്യുന്ന ഫൈസ, എഫ് ട്യൂണ്‍, ഗോറി… തുടങ്ങിയ ക്രീമുകള്‍ എല്ലാം ഒന്നുതന്നെയെന്ന് വെളിപ്പെടുത്തുകയാണ് ഏറെക്കാലം ക്രീം വിറ്റ കടയുടമ. ദുബായില്‍ നിന്ന് എത്തുന്ന ക്രീം ഹോള്‍സെയിലായി വാങ്ങി പലരും പലതരത്തില്‍ വില്‍ക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിരോധിച്ച ഗോറീ ക്രീം ഇപ്പോഴും കടകളില്‍ സുലഭമെന്നും ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

മുഖകാന്തി വര്‍ധിപ്പിക്കുമെന്നും ഡാര്‍ക്ക് സ്‌പോട്ട് അപ്രത്യക്ഷമാക്കുമെന്നും അവകാശവാദമുന്നയിക്കപ്പെടുന്ന ക്രീമുകളിലൊന്നാണ് ഗോറി. തുടക്കത്തില്‍ 400ഉം ഇപ്പോള്‍ 550 രൂപയുമാണ് ക്രീമിന്റെ വില. ഉപയോഗിച്ച് തുടങ്ങിയാല്‍ ഒരാഴ്ച കൊണ്ട് ഫലമുറപ്പ്. പക്ഷേ, ബാക്കിയാകുക ഗുരുതര വൃക്ക രോഗമടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍. ഫേയ്‌സ് ക്രീം വിവാദങ്ങള്‍ കത്തി നില്‍ക്കവേയും ട്വന്റിഫോര്‍ സംഘത്തിന് വളരെ എളുപ്പത്തില്‍ കടയില്‍ നിന്ന് ഈ ക്രീം ലഭിച്ചു. ഓണ്‍ലൈനിലും വില്‍പന തകൃതിയാണ്.

ഫൈസ എന്ന ദുബൈ ആസ്ഥാനമായി നിര്‍മ്മിക്കുന്ന ക്രീം തരം മാറ്റി വിവിധ പേരുകളില്‍ പുറത്തിറക്കുന്നതാണ്. ഗോറിയും എഫ് ട്യൂണുമൊക്കെ ഒന്നാണ് എന്നാണ് 18കാരിയെ വൃക്ക രോഗിയാക്കിയ എഫ് ട്യൂണ്‍ ദീര്‍ഘ കാലം വില്‍പന നടത്തിയ കടയുടമ പറയുന്നത്. ക്രീമുകളുടെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയപ്പോള്‍ നിര്‍ത്തിയതാണ് പലരും വില്‍പന.

പക്ഷേ, സ്വന്തം പോക്കറ്റ് നിറക്കാന്‍ ഇപ്പോഴും ചിലര്‍ രംഗത്തുണ്ട്. എഫ് ട്യൂണ്‍ വിവാദം ഇത്ര വലിയ ചര്‍ച്ചയായിട്ടും കമ്പനിയുടെ ഓണ്‍ലൈന്‍ വിപണനം ഇപ്പോഴും സജീവമാണ്. നേരത്തെതില്‍ നിന്ന് അല്‍പം വില കുറച്ചാണ് വില്‍പന എന്നതാണ് മാറ്റം.