Headlines

മെംമ്പ്രനസ് നെഫ്രോപ്പതിക്ക് ഇര; ക്രീം ഉപയോഗിച്ച് ദിവസങ്ങൾ കൊണ്ട് ഫലം കിട്ടി പക്ഷെ, പ്രതിരോധ ശേഷി പൂർണ്ണമായി നഷ്ടമായി; ഗായകൻ സലീം കോടത്തൂർ

ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന് ഗായകൻ സലീം കോടത്തൂർ. ഫെയർനെസ് ക്രീം ഉപയോഗിച്ച താനും മെംമ്പ്രനസ് നെഫ്രോപ്പതിക്ക് ഇരയായി. 17കാരിക്കുണ്ടായ അതേ രോഗാവസ്ഥ തനിക്കുണ്ടായി. താൻ ഉപയോഗിച്ചുകൊണ്ടിരുന്ന അതെ ക്രീം തന്നെയാണ് ഇപ്പോൾ പല പേരുകളിലായി വിപണികളിൽ ലഭിക്കുന്നത്. യുഎഇയിൽ അടക്കം ഈ ഫേസ് ക്രീം ആളുകൾ വിൽക്കുന്നുണ്ട് സലീം കോടത്തൂർ പറഞ്ഞു.

യൂറിനറി ഇൻഫെക്ഷനും കാലിലും കണ്ണിലും നീര് വരുന്ന സാഹചര്യമുണ്ടായി. മാസങ്ങളോളം ചികിത്സ നടത്തിയിട്ടും രോഗകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതിരോധ ശേഷി പൂർണ്ണമായി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. കാസർഗോഡുള്ള തന്റെ ഒരു സുഹൃത്താണ് അദ്ദേഹത്തിന്റെ ഡോക്ടറോട് ഫേസ് ക്രീം ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞത് അപ്പോഴാണ് തിരിച്ചറിഞ്ഞത് ഇതിൽ മെർക്കുറിയുടെ അളവ് കൂടുതൽ ആണെന്നും. അങ്ങനെയാണ് തന്റെ ഡോക്ടറോട് ഇക്കാര്യം പറയുന്നതും രോഗം കണ്ടെത്തുന്നതും. തന്റെ സുഹൃത്ത് ഏകദേശം ഈ ക്രീം ഉപയോഗിച്ച് 4 വർഷം കഴിഞ്ഞപ്പോഴാണ് ഈ രോഗാവസ്ഥ കണ്ടെത്തുന്നത്. ശരീരത്തിൽ നിന്ന് പ്രോടീൻ യൂറിനിലൂടെ നഷ്ട്ടപ്പെടുന്ന രോഗാവസ്ഥയാണിത്.

ക്രീം ഉപയോഗിച്ചപ്പോൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഫലം കിട്ടി. ഒന്നര ബോട്ടിലാണ് രണ്ടരമാസത്തോളം ഉപയോഗിച്ചത്. മുൻപുളളതിനേക്കാൾ മുഖം കരിവാളിച്ചു. മാസങ്ങളോളം പ്രോഗ്രാം മാറ്റിവെക്കേണ്ടി വന്നു. ഇപ്പോഴും ഉറക്കം പഴയ സ്ഥിതിയിലേക്ക് മാറിയിട്ടില്ല.പല ഭക്ഷണസാധനങ്ങളും കഴിക്കുന്നത് ഒഴിവാക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിഷലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്, ഡ്രഗ്സ് കൺട്രോൾ വിഭാഗം നിരോധിച്ച രണ്ട് ഫേസ് ക്രീമുകൾ ഇപ്പോഴും ഓൺലൈനിൽ സുലഭമാണ്. ഫൈസ, ഗോറീ എന്നീ ക്രീമുകളാണ് ഇപ്പോഴും ലഭ്യമാകുന്നത്. വ്യാജ സൗന്ദര്യ വസ്തുക്കളുടെ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’യിലൂടെ 10 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളാണ് ഇതുവരെ പിടിച്ചെടുത്തത്.