പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നും ഇത് മനുഷ്യരെ കൊല്ലും എന്നതും പറഞ്ഞും കേട്ടും പഴകിയ ഒരു ക്ലീഷേ പരസ്യമല്ല. നമ്മള് കേട്ടിട്ടുള്ളത് പോലെ പുകവലി അര്‍ബുദം മാത്രമല്ല ഉണ്ടാക്കുക. പുകവലിയുണ്ടാക്കുന്ന പല അസുഖങ്ങളെക്കുറിച്ചും നമ്മള് ഇതുവരെ ബോധവാന്മാര് കൂടിയല്ല. പുകവലി നമ്മുക്കുണ്ടാക്കാന് ഇടയുള്ള മാരക രോഗങ്ങളില്‍ ചിലത് അറിയാം. (Worst Diseases Smoking Causes)
ശ്വാസകോശ അര്‍ബുദം
ശ്വാസകോശ അര്‍ബുദ കേസുകളില്‍ 90 ശതമാനത്തോളവും സിഗരറ്റ് വലി മൂലമാണ് ഉണ്ടാകുന്നത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവര്‍ക്ക് ഇതിനുള്ള സാധ്യത 15 മുതല്‍ 30 മടങ്ങ് കൂടുതലാണ്.
COPD
എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവയുള്‍പ്പെടെയുള്ള സിഒപിഡി അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് കേസുകളില്‍ ഏകദേശം 85% മുതല്‍ 90% വരെയും പുകവലി മൂലമാണ് ഉണ്ടാകുന്നത്. ഇത് ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരത്തെ ഗുരുതരമായി തടസ്സപ്പെടുത്തുകയും ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
ഹൃദ്രോഗങ്ങള്‍
പുകവലി ഹൃദയ ധമനികളില്‍ ബ്ലോക്കുണ്ടാകാനും ഹൃദയത്തിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് കുറയാനും കാരണമാകുന്നു. പുകവലി ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.
സ്ട്രോക്ക്
പുകവലി ധമനികളെ ബാധിക്കുന്നതിനാല്‍, അത് പക്ഷാഘാതം അഥവാ സ്ട്രോക്കിലേക്കും വഴിവച്ചേക്കാം. തലച്ചോറിലേക്കുള്ള രക്തയോട്ടം താല്‍ക്കാലികമായി തടസ്സപ്പെടുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. ഇതുമൂലം തലച്ചോറിലെ കോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കാതെ വരികയും അവ നശിച്ചുതുടങ്ങുകയും ചെയ്യുന്നു.
ആസ്ത്മ
ആസ്ത്മ അറ്റാക്കുകള്‍ക്കും മറ്റുമുള്ള കാരണങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് പുകവലി. സിഗരറ്റ് പുക ശ്വാസനാളങ്ങളെ അസ്വസ്ഥമാക്കുന്നതിനാല്‍ പുലകവലിക്കുന്നവര്ക്ക് ആസ്ത്മ വരാനുള്ള സാധ്യതയും ഏറെയാണ്.
പ്രമേഹം
പുകവലിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍, സിഗരറ്റ് വലിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 30% മുതല്‍ 40% വരെ കൂടുതലാണ്.
സ്ത്രീകളിലുണ്ടാക്കാവുന്ന പ്രശ്നങ്ങള്‍
പുകവലിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യുല്പാദന ശേഷി കുറയാനും എക്ടോപിക് പ്രെഗ്നന്‍സിയുടെ റിസ്ക് കൂടാനും ഇടയുണ്ടെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു.






