Headlines

ഗുണ്ടാത്തലവൻ നസീം ദുറാനി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ദാവൂദ് ഇബ്രാഹിമുമായി ബന്ധം, ഛോട്ടാ ഷക്കീലിന്റെ വിശ്വസ്തന്‍

ന്യൂഡൽഹി∙ ഡൽഹി നിയമമന്ത്രി കപിൽ
മിശ്രയുടെ വീടിനു സമീപം യുവാവിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ ഗുണ്ടാത്തലവൻ നസീം ദുറാനി (37) പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി അടുത്ത ബന്ധമുള്ളയാളാണ് ദുറാനി. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ വച്ച് ഡൽഹി പൊലീസും നോയിഡ സ്പെഷൽ ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ദുറാനി കൊല്ലപ്പെട്ടത്.

നവംബർ 16 നാണ് വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ നിയമമന്ത്രിയുടെ ഓഫിസിനു മുന്നിൽ വച്ച് മുസ്തഫാബാദ് സ്വദേശിയായ സമീർ (26) എന്ന യുവാവ് വെടിയേറ്റു മരിച്ചത്. 20 തവണയാണ് ദുറാനി ഇയാൾക്കു നേരെ വെടിയുതിർത്തത്. നസീം ദുറാനിയുടെ സംഘവും ഹാറൂൺ സൈഫിയുടെ സംഘവും തമ്മിലുള്ള കുടിപ്പകയായിരുന്നു ഈ കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.

റിസ്‌വാൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന നസീം ദുറാനിക്ക് ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ജയിലിൽ കഴിയുന്ന ഛോട്ടാ രാജനെ വധിക്കാൻ ദുറാനിയെയാണ് 2016 ൽ ഷക്കീൽ ചുമതലപ്പെടുത്തിയിരുന്നത്. കൂടാതെ പാക്ക്-കനേഡിയൻ മാധ്യമപ്രവർത്തകൻ താരീഖ് ഫത്തയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ കേസിലും ദുറാനി പ്രതിയാണ്. കൊലപാതകം, വധശ്രമം, കവർച്ച തുടങ്ങി ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

∙ ഡൽഹിയിലെ ഗുണ്ടാകുടിപ്പക, ദുറാനിയെ പിടികൂടുന്നവർക്ക് പാരിതോഷികം

ബുലന്ദ്ശഹർ സ്വദേശിയായ ദുറാനിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിൽ സ്വന്തം ആധിപത്യം ഉറപ്പിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്ന് പൊലീസ് പറയുന്നു. കിഴക്കൻ, വടക്കുകിഴക്കൻ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘അക്കി ഡോൺ’ എന്ന രാജാ മേവാതിയുടെ സംഘവുമായി ദുറാനിയുടെ സംഘം കടുത്ത ശത്രുതയിലായിരുന്നു. പ്രദേശത്തെ ആധിപത്യം, വാതുവയ്പ്പ്, ലഹരിമരുന്ന് കച്ചവടം, ഭീഷണിപ്പെടുത്തിയുള്ള പണപ്പിരിവ് എന്നിവയെച്ചൊല്ലി ഇരു സംഘങ്ങളും തമ്മിൽ ദീർഘകാലമായി കുടിപ്പക നിലനിന്നിരുന്നതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഹാറൂൺ സൈഫിയുടെ അമ്മാവനായിരുന്നു രാജാ മേവാതി. ഇയാൾ മേയ് 26 ന് വെടിയേറ്റു മരിച്ചു. ഇതിനു പിന്നിൽ ദുറാനിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പ്രതികാരമായി ജൂൺ 15 ന് ദുറാനിയുടെ അടുത്ത അനുയായി റഷീദ് എന്ന പാനി വാല കൊല്ലപ്പെട്ടു. ഈ കേസിൽ ഹാറൂൺ സൈഫിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയായിരുന്നു സമീറിന്റെ കൊലപാതകം. ക്രിമിനിൽ പശ്ചാത്തലമുള്ളയാളാണ് സമീർ. ഇയാളെ നേരത്തെ പൊലീസ് ഒരു കേസിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.