Headlines

ഇന്നലെയും കാർ ചീറിപ്പാഞ്ഞു! വാക്കുതർക്കം, ക്യാമറകൾ കേടുവരുത്തി; സുഹൈലിന് വേണ്ടി ബന്ധുക്കളുടെ ‘രക്ഷാപ്രവർത്തനം’

കാക്കനാട്∙ നെടുമ്പാശേരിയിൽ മദ്യലഹരിയിൽ കാറോടിച്ചുണ്ടാക്കിയ അപകടത്തിൽ 3 പേർ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ബോസ്റ്റൽ സ്കൂളിൽ നിന്നു മോചിതനായി. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് കാക്കനാട് ജില്ലാ ജയിലിനോടു ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ നിന്നു സുഹൈൽ മോചിതനായത്. ഹൈക്കോടതിയുടെ 10 ദിവസം മുൻപത്തെ ജാമ്യ ഉത്തരവിനെ തുടർന്നാണു നടപടി. സുഹൈലിനെ കൂട്ടിക്കൊണ്ടു പോകാൻ ബോസ്റ്റൽ സ്കൂളിനു മുൻപിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ സംഘവും മാധ്യമപ്രവർത്തകരുമായി വാക്കുതർക്കം. പ്രതിയെ ക്യാമറകളിൽ നിന്ന് ഒളിപ്പിക്കാനുള്ള ശ്രമത്തിനിടെ ഉന്തും തള്ളും. ബോസ്റ്റൽ സ്കൂൾ കവാടം നിരോധിത മേഖലയാണെന്നും ദൃശ്യങ്ങൾ പകർത്തരുത് എന്നുമുള്ള സുഹൈലിന്റെ ബന്ധുക്കളുടെ വാദമാണു തർക്കത്തിനു വഴിയൊരുക്കിയത്.

നേരത്തേ പുറത്തെത്തിയ ബോസ്റ്റൽ സ്കൂൾ ഉദ്യോഗസ്ഥൻ, സുഹൈൽ അര മണിക്കൂറിനകം പുറത്തിറങ്ങുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും പറഞ്ഞു ബന്ധുക്കളെയും മാധ്യമ പ്രവർത്തകരെയും ഇരുവശങ്ങളിലേക്കു മാറ്റി. മിനിറ്റുകൾക്കുള്ളിൽ സുഹൈൽ ഒരു കൈകൊണ്ടു മുഖം മറച്ച് ഒറ്റയ്ക്കു ഗേറ്റ് തുറന്നു പുറത്തെത്തി. അരമണിക്കൂർ സമയമുണ്ടല്ലോ എന്നു കരുതി ക്യാമറകൾ ഓഫ് ചെയ്തു നിലയുറപ്പിച്ചിരുന്ന ചാനൽ പ്രവർത്തകർ പാഞ്ഞെത്തിയപ്പോഴേക്കും ബന്ധുക്കൾ സുരക്ഷാകവചം തീർത്തു സുഹൈലിനെ കാറിനകത്തേക്കു തള്ളിക്കയറ്റുകയും കാർ ചീറിപ്പാഞ്ഞു പോകുകയും ചെയ്തു. ബന്ധുക്കൾ മാധ്യമപ്രവർത്തകരെ തള്ളിമാറ്റുന്നതിനിടയിലാണു ചാനൽ ക്യാമറകൾക്കു കേടുപാടുകളുണ്ടായത്.

∙ മോചനം ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന്

കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റു പ്രതികളായ ജോയൽ എസ്.ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്കു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുഹൈലിനെ 10 ദിവസത്തിനു ശേഷമേ മോചിപ്പിക്കാവൂ എന്നുള്ള വ്യവസ്ഥയോടെയാണ് ഈ മാസം 6ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഒക്ടോബർ 11ന് പുലർച്ചെയാണു മൂന്നു ബാറുകളിൽ കയറി അമിതമായി മദ്യപിച്ച ശേഷം അമിത വേഗത്തിൽ നെടുമ്പാശേരി എയർപോർട്ട് റോഡിലൂടെ സുഹൈൽ പായിച്ച കാറിടിച്ചു സ്കൂട്ടർ യാത്രികരായ കർണാടക സുള്ള്യ സ്വദേശി ഇയാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക എന്നിവർ മരിച്ചത്. അനുവദനീയമായതിലും 5 ഇരട്ടി മദ്യം സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്നതായും മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലായിരുന്നു അപകടത്തിനു തൊട്ടുമുൻപു കാറെന്നും പൊലീസ് കണ്ടെത്തിയിരുന്നു.