Headlines

നെടുമ്പാശേരി കാർ അപകടം: ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്; സുഹൈലിന്റെ ശരീരത്തിൽ ഉയർന്ന അളവിൽ മദ്യം

നെടുമ്പാശേരി∙ വിമാനത്താവള റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ മുഖ്യപ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കാക്കനാട് ലാബിലെ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. സുഹൈലിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം വളരെ ഉയർന്ന അളവിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. സിന്തറ്റിക് ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.സുഹൈലിനെ പൊലീസ് ഇന്നലെ അപകടസ്ഥലത്തും നെടുമ്പാശേരിയിലെ ബാറിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് സുഹൈലിനെ വാനിൽ ഇരുത്തിയാണ് തെളിവെടുത്തത്. മറ്റു പ്രതികളെ കൊണ്ടുവന്നില്ല. അപകടം നടന്ന ഞായറാഴ്ച അങ്കമാലി താലൂക്ക് ആശുപത്രിയിൽ സുഹൈലിനു മർദനമേറ്റതിനാൽ കനത്ത പൊലീസ് കാവലിലാണ് ഇപ്പോൾ പ്രതിയെ താമസിപ്പിക്കുന്നത്.പരിസരവാസികളായ കെ.വി. വർഗീസ് കണിയത്ത്, ജോജിൻ കെ. ഈരാളിൽ എന്നിവരുടെ സാക്ഷിമൊഴികൾ പൊലീസ് രേഖപ്പെടുത്തി. നെടുമ്പാശേരി മാരിയറ്റ് ബാറിൽ കഴിച്ച മദ്യത്തിന്റെ അളവും സമയവും സുഹൈൽ വിശദീകരിച്ചു. പ്രതികളുടെ വിരലടയാളം കാറിലെ വിരലടയാളങ്ങളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചു.പ്രേരണക്കുറ്റം ചുമത്തിയ മറ്റു മൂന്ന് പ്രതികളെയും ചോദ്യം ചെയ്ത ശേഷം നാലുപേരെയും കോടതിയിൽ ഹാജരാക്കി, തുടർന്ന് കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി. അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കും.