കൊച്ചി: പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികൾ ഇനിയും കാത്തിരിക്കണം. ഹർജി നാളത്തേക്ക് പരിഗണിക്കാനായി മാറ്റി. മാപ്പ് പറഞ്ഞാൽ പരീക്ഷ എഴുതിപ്പിക്കാമെന്ന സർവകലാശാല വാദം തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമെന്നാണ് വാദം. തെറ്റ് ചെയ്തെന്ന് വരുത്തി തീർക്കാനുള്ള ശ്രമമെന്ന് പുതുക്കി നൽകിയ ഹർജിയിൽ വിദ്യാർഥികൾ പറയുന്നു. ജസ്റ്റിസ് പി വി കുഞ്ഞു കൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വാദം കേൾക്കൽ നാളത്തേയ്ക്ക് മാറ്റിവെച്ചത്.
കഴിഞ്ഞ ദിവസം വിദ്യാർഥികൾക്കെതിരായി കോടതിയിൽ സർവകലാശാല സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കോടതിയുടെ നിർദേശ പ്രകാരം വിദ്യാർഥികൾ മറുപടി സത്യവാങ്മൂലവും സമർപ്പിച്ചു. അതേസമയം, അന്യായമായ സസ്പെൻഷനെതിരെ കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ശിവകുമാർ, ശ്രദ്ധ, അതുല്യ എന്നീ വിദ്യാർഥികളാണ് ഇപ്പോൾ ക്യാമ്പസിന് മുന്നിൽ നിരാഹാരം ഇരിക്കുന്നത്.
കാലടി സർവകലാശാലയിലെ സമരം; വിദ്യാർഥികളുടെ ഹർജി പരിഗണിക്കാൻ നാളത്തേയ്ക്ക് മാറ്റി









