Headlines

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി

ഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സസ്പെൻഷൻ വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി. വിദ്യാർത്ഥികളുടെ ഹർജി അടിയന്തരമായി പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശം നൽകി. ഹർജിയിൽ വിദ്യാർത്ഥികൾ വിജയിച്ചാൽ പ്രത്യേക പരീക്ഷ നടത്താനും നിർദേശം നൽകി. വിദ്യാർത്ഥികളുടെ ഹാജർ നില പരിശോധിക്കണം എന്ന് സർവകലാശാല സുപ്രീംകോടതിയിൽ‌ പറഞ്ഞു. ഒരു അന്വേഷണ റിപ്പോർട്ട് ഇല്ലാതെ 64 ദിവസം സസ്‌പെൻഷനിൽ ആയിരുന്നു എന്ന് ഹർജിക്കാർ വാദിച്ചു.

സസ്‌പെൻഡ് ചെയ്യപ്പെട്ട കാലയളവാണ് അറ്റൻഡൻസിൽ കുറവ് വരാൻ കാരണമായതെന്നാണ് ഹർജിയിൽ വിദ്യാർഥികൾ ഉന്നയിച്ചത്. പ്രതിഷേധം ദുർവ്യാഖ്യാനിച്ചെന്നും വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തെന്ന് ഹർജിക്കാർ കോടതിയിൽ പറഞ്ഞു. സർവകലാശാലയിൽ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പിഎസ് നരസിംഹയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വിദ്യാർഥികൾ‌ക്ക് പരീക്ഷ അനുമതി നൽകിയിരുന്ന സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ ആണ് സിംഗിൾ ബെഞ്ച് വിധി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നത്. തുടർന്നാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.