പ്രയാഗ്രാജ്: എസ്ഐആറുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ബിജെപിയില്‍ ഭിന്നത. 1.27 കോടി ഹിന്ദു വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് എങ്ങനെ വെട്ടിപ്പോയെന്ന ചോദ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെങ്കില്‍ എന്തുകൊണ്ട് മന്ത്രിമാര്‍ തിരുത്തിയില്ലെന്നും വിമര്‍ശനമുയര്‍ന്നു. (Yogi Adityanath flags missing Hindu voters row in up bjp)
എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരസ്യമായ പരാമര്‍ശമാണ് യുപി ബിജെപിയില്‍ ഭിന്നതയുണ്ടാക്കിയിരിക്കുന്നത്. ശക്തമായ ബൂത്തുതല സംവിധാനമുണ്ടായിട്ടും നിരീക്ഷണവും ജാഗ്രതയുമുണ്ടായിട്ടും ഈ വീഴ്ച എങ്ങനെയുണ്ടായി എന്നാണ് ഒരു വിഭാഗം ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ഏറ്റവുമധികം ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിച്ചത് ബിജെപിയാണ്. എന്നിട്ടും പിഴവുണ്ടായെന്നാണ് വിമര്‍ശനം. വന്‍ വീഴ്ചയുണ്ടായെന്ന പരസ്യ പ്രതികരണം ബിജെപിയുടെ സംഘടനാ സംവിധാനത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച് സംശയം പൊതുജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തുന്നുണ്ടെന്ന് ഒരു വിഭാഗം പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട് ബി.ജെ.പി 1.61 ലക്ഷത്തിലധികം ബൂത്ത് ലെവല്‍ ഏജന്റുമാരെയാണ് നിയോഗിച്ചിരുന്നത്. സമാജ്വാദി പാര്‍ട്ടി 1.57 ലക്ഷം ഏജന്റുമാരേയും ബി.എസ്.പി 1.54 ലക്ഷം പേരെയുമാണ് നിയോഗിച്ചിരുന്നത്.
ആജ് തക് പഞ്ചായത്ത് പരിപാടിയിലാണ് 1.27 കോടി ഹിന്ദു വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായതായി യോഗി ആദിത്യനാഥ് പറഞ്ഞത്. ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രിമാര്‍ ഇതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് പഴി ചാരുന്നത്. ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നായിരുന്നു വിമര്‍ശനം. ആരോപണങ്ങളും പഴിചാരലുകളും മറ്റുമായി എസ്ഐആര്‍ വിവാദം യുപി ബിജെപിയില്‍ വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്.








