Headlines

ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പ് 15-ാം പരീക്ഷണ ദൗത്യം വിജയം

ചരിത്രം കുറിച്ച് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് 15-ാം പരീക്ഷണ ദൗത്യം വിജയം. ഭ്രമണപഥത്തില്‍ പോയി മടങ്ങിയ റോക്കറ്റ് ടെക്‌സസിലെ വിക്ഷേപണ സ്ഥലത്തേക്ക് തിരിച്ചെത്തി. പുനരുപയോഗിക്കാവുന്ന റോക്കറ്റുകളുടെ ഉപയോഗത്തിലൂടെ ബഹികാരാശ ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ശാസ്ത്രലോകത്തിന്. (SpaceX catches Starship returning from orbit in launch tower arms)

ബഹിരാകാശ ചരിത്രത്തിലിതാദ്യമായിട്ടാണ് ഭ്രമണപഥത്തില്‍ നിന്നും മടങ്ങിയ ഒരു റോക്കറ്റ് , ലോഞ്ച് ടവറിലേക്ക് മടങ്ങിയെത്തുന്നത്. ടെക്സസിലെ സ്റ്റാര്‍ബേസില്‍ നിന്ന് വിക്ഷേപിച്ച സ്റ്റാര്‍ഷിപ്പ് 22 മണിക്കൂറിലധികം നീണ്ട ബഹിരാകാശ യാത്രയ്ക്കും ഭൂമിയെ 14 തവണ വലംവച്ചതിനുശേഷമാണ് വിക്ഷേപണത്തറയിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.52 -നാണ് റോക്കറ്റ് ലോഞ്ച് ടവറിലേക്ക് മടങ്ങിയെത്തിയത്. വിക്ഷേപണ ടവറിലെ യന്ത്രക്കരങ്ങള്‍ റോക്കറ്റിനെ വിജയകരമായി പിടിച്ചെടുത്തു. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റ് പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്നതാക്കുക എന്ന സ്‌പേസ് എക്‌സിന്റെ ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പായിരുന്നു ഇത്. ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെയാണ് സൗത്ത് ടെക്സസിലെ സ്റ്റാര്‍ബേസില്‍ നിന്ന് ഷിപ്പ് 42 ദൗത്യത്തിന് തുടക്കമായത്. ദൗത്യത്തില്‍ സ്റ്റാര്‍ലിങ്ക് വി3 ഉപഗ്രഹങ്ങള്‍ വിന്യസിക്കുകയും ചെയ്തു.

സ്റ്റാര്‍ഷിപ്പിന്റെ രണ്ടു ഘട്ടങ്ങളും വീണ്ടെടുക്കാനായിരുന്നു സ്റ്റാര്‍ഷിപ്പ് ലക്ഷ്യമിട്ടിരുന്നതെങ്കിലും താഴത്തെ ഘട്ടമായ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ലോഞ്ച്ടവറില്‍ തിരിച്ചെത്തിക്കുന്നതില്‍ ഇന്നലെ സ്പേസ് എക്സ് പരാജയപ്പെട്ടിരുന്നു. ഗൈഡന്‍സ് സംവിധാനത്തിലെ തകരാറിനെത്തുടര്‍ന്ന് ബൂസ്റ്ററിന്റെ എന്‍ജിനുകള്‍ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും, തുടര്‍ന്ന് തീഗോളമായി മെക്സിക്കന്‍ കടലില്‍ തകര്‍ന്നുവീഴുകയുമായിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യന്റെ ഭാവി യാത്രകള്‍ക്കായി സ്‌പേസ് എക്‌സ് വികസിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്.