ബഫർ സോൺ: വയനാട്ടുകാരുടെ പോരാട്ട വീര്യത്തെ അളക്കരുതെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ

സുൽത്താൻ ബത്തേരി: ബഫർ സോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് രേഖയിലെ ജനദ്രോഹ തീരുമാനങ്ങൾ പിൻവലിക്കാൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ വയനാട് ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങാൻ ജനങ്ങൾ ഒരുങ്ങിയിരിക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ. കത്തോലിക്ക സഭ സുൽത്താൻ ബത്തേരി ഫൊറോന കൗൺസിൽ ഭാരവാഹികളുടെ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാടൻ ജനതയോട് ആത്മാർത്ഥമായ സമീപനമാണ് കേന്ദ്ര സർക്കാരിൻ്റേതെങ്കിൽ വനാതിർത്തി പിന്നിട്ടുള്ള ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കും.ഇതിനായി സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണം.പുതിയ വന സംരക്ഷണ നിയമങ്ങൾ കൊണ്ടുവന്ന് വയനാട്ടുകാരെ കൂടുതൽ ദുരിതത്തിലാക്കാനാണ് ശ്രമമെങ്കിൽ ഈ നാടിൻ്റെ സമരവീര്യം സർക്കാരുകൾ ഇനിയുമറിയുമെന്നും എം എൽ എ പറഞ്ഞു. സമരപരിപാടികളുടെ തുടക്കമായി 27ന് വീടുകളിലും സ്ഥാപനങ്ങളിലും പ്ലക്കാർഡുകളുയർത്തി ആളുകൾ പ്രതിഷേധിക്കും. അസംപ്ഷൻ പള്ളിക്കു മുന്നിൽ മലങ്കര കത്തോലിക്ക ബിഷപ്പ് ജോസഫ് മാർ തോമസ് സമരം ഉത്ഘാടനം ചെയ്യും.വിവിധ ഇടവക ഭാരവാഹികളുടെ നേതൃത്വത്തിൽ അതാത് പ്രദേശങ്ങളിൽ ലഘുലേഖകൾ വിതരണം ചെയ്യും. രൂപത നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ഇമെയിൽ ക്യാമ്പയിനിൽ മുഴുവൻ ഇടവകാംഗങ്ങളെയും പങ്കെടുപ്പിക്കും.ഫൊറോന വികാരി ഫാ.ജെയിംസ് പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു. കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി എം ജോയി മുഖ്യ പ്രഭാഷണം നടത്തി.എൻ എം വിജയൻ,സണ്ണി നെടും ങ്കല്ലേൽ,ബെന്നി കൈനിക്കൽ, ഫാ.തോമസ് തൈക്കു ന്നുംപുറം,ഫാ.സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളി, ഫാ.ചാക്കോ മേപ്പുറത്ത്, സിബിച്ചൻ കരിക്കേടം, ഗ്രേസി ജേക്കബ് പ്രസംഗിച്ചു.