Headlines

ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം ; കരാറുകാരൻ വി.ഒ സാജന്റെ മൊഴി ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം: KSTP പദ്ധതി ക്രമക്കേടിലും, പതി-ബെൽ പ്രോജക്റ്റ് മാനേജർ ലീ സീ ബീനിന്റെ ആത്മഹത്യയിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള അന്വേഷണ നടപടികൾ വേഗത്തിലാക്കി വിജിലൻസ്. പുതിയ പരാതിക്കാരനായ കരാറുകാരൻ വി.ഒ സാജന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ട് ബില്ലുകൾ തടഞ്ഞു വെച്ചിരിക്കുന്നതായി തന്നോട് ലീ സീ ബീൻ പറഞ്ഞിട്ടുണ്ടെന്നായിരുന്നു വി.ഒ സാജന്റെ പരാതി.

ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെയാണ് കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ നടത്തിയ ഇടപെടലുകളിൽ ആഭ്യന്തര വകുപ്പ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. 2007 മുതൽ 2011 വരെ നടത്തിയ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ ശേഖരിച്ചു പരിശോധിക്കുന്നതിനിടെയാണ് KSTP പദ്ധതിയുമായി ബന്ധപ്പെട്ട് സാധന സാമഗ്രികളുടെ കരാറുകാരനായ
വി.ഒ സാജൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. അന്വേഷണം വഴി മുട്ടി നിൽക്കുന്ന സമയത്ത് വീണു കിട്ടിയ പുതിയ പരാതി അടിസ്ഥാനപ്പെടുത്തി അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാണ് വിജിലൻസ് തീരുമാനം. ഇതിനായി അടുത്ത ചൊവ്വാഴ്ച്ച വി.ഒ സാജന്റെ മൊഴി രേഖപ്പെടുത്തും.ലീ സീ ബീൻ അടുത്ത സുഹൃത്തായിരുന്നുവെന്നും,ഗ്യാനേഷ് കുമാർ രണ്ടു കോടി കൈക്കൂലി ആവശ്യപ്പെട്ടു ഫയലുകൾ തടഞ്ഞു വെച്ചിരിക്കുന്നതായി മരിക്കും മുൻപ് ലീ സീ ബീൻ പറഞ്ഞിരുന്നുവെന്നുമാണ് വി.ഒ സാജൻ നൽകിയിരിക്കുന്ന പരാതി. കൂടാതെ അന്നുണ്ടായിരുന്ന മറ്റു കരാറുകാർക്കും ജീവനക്കാരിൽ ചിലർക്കും ഈ വിവരം അറിയാമായിരുന്നുവെന്നും സാജൻ പരാതിയിൽ പറയുന്നു. സാജന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്താനും വിജിലൻസ് നീക്കം നടത്തും.