പട്ന ∙ ബിഹാറിലെ രോഹ്താസ് ജില്ലയിലുള്ള സസാരത്തിൽ പതിനെട്ടുകാരിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി. യാത്രയ്ക്കിടയിലാണ് പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവറും കൂട്ടാളിയും ചേർന്ന് തട്ടിക്കൊണ്ടുപോയത്. വിജനമായ സ്ഥലത്തെത്തിച്ച ശേഷം ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പങ്കുവച്ച വിവരങ്ങൾ പ്രകാരം, താരാചണ്ഡിക്ക് സമീപത്തുനിന്നും ബേഡയിലേക്ക് പോകുന്നതിനായാണ് പെൺകുട്ടി ഓട്ടോറിക്ഷ വിളിച്ചത്. എന്നാൽ പെൺകുട്ടിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനു പകരം ഡ്രൈവർ വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും, അവിടെയുള്ള ഉപേക്ഷിക്കപ്പെട്ട കടയ്ക്കുള്ളിൽ വച്ച് മറ്റൊരു പ്രതിയോടൊപ്പം ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സന്ദീപ് കുമാർ, ചിതരഞ്ജൻ പാസ്വാൻ എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്കായി പെൺകുട്ടിയെ സസാരം സദർ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.









