Headlines

ആകാശത്ത് യാത്രാവിമാനത്തെ ‘പൊതിഞ്ഞ്’ യുദ്ധവിമാനങ്ങൾ, വിമാനം റോമിൽ എത്തിയില്ല, പകരം എമർജൻസി ലാൻഡിങ്

പാരിസ് / റോം∙ യൂറോപ്യൻ വ്യോമയാന മേഖലയെ ആശങ്കയിലാഴ്ത്തി യാത്രാവിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. അയർലൻഡിലെ ഡബ്ലിനിൽ നിന്ന് ഇറ്റലിയിലെ റോമിലേക്ക് പോവുകയായിരുന്ന ഐറിഷ് വിമാനക്കമ്പനിയായ എയർ ലിങസിന്റെ വിമാനമാണ് ഭീഷണിയെത്തുടർന്ന് വ്യാഴാഴ്ച ഫ്രാൻസിലെ സൈനിക വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.

രാവിലെ 6.25ന് ഡബ്ലിനിൽ നിന്ന് പുറപ്പെട്ട എയർബസ് എ320 വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ 151 യാത്രക്കാരും ആറ് ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രയ്ക്കിടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതോടെ വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. നോർമണ്ടിയിലെ എവ്റൂ സൈനിക താവളത്തിൽ ഇറക്കാൻ നിർദേശം നൽകിയതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്റെ ഓഫിസ് അറിയിച്ചു. വിമാനത്തിന്റെ സഞ്ചാരപാതയിൽ മാറ്റമുണ്ടായതായി വിമാനങ്ങളുടെ യാത്രാവിവരങ്ങൾ നിരീക്ഷിക്കുന്ന സംവിധാനവും സ്ഥിരീകരിച്ചു.
∙ അകമ്പടിയായി ഫ്രഞ്ച് യുദ്ധവിമാനങ്ങൾ

ബോംബ് ഭീഷണി വിവരം ലഭിച്ച ഉടൻ ഫ്രഞ്ച് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ആകാശത്തുയർന്ന് യാത്രാവിമാനത്തിന് സുരക്ഷാ അകമ്പടി നൽകി. വിമാനത്തെ സുരക്ഷിതമായി വഴിതിരിച്ചുവിടാൻ വ്യോമസേനയുടെ പ്രത്യേക ദൗത്യസംഘം ഉടൻ രംഗത്തിറങ്ങിയതായി അധികൃതർ വ്യക്തമാക്കി.

ആകാശത്ത് കുറച്ചുസമയം വട്ടമിട്ടു പറന്ന വിമാനം രാവിലെ പത്ത് മണിയോടെ നോർമണ്ടിയിലെ സൈനിക വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൈനിക ബോംബ് നിർവീര്യമാക്കൽ സംഘം വിമാനത്തിൽ വിശദമായ പരിശോധന ആരംഭിച്ചു.

ഇതിനിടെ വിമാനം എത്തേണ്ടിയിരുന്ന റോം വിമാനത്താവളത്തിന്റെ പ്രവർത്തനം രാവിലെ 10.15 മുതൽ 10.45 വരെ അരമണിക്കൂറോളം നിർത്തിവച്ചു. ഈ സമയത്ത് വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങളൊന്നും പുറപ്പെട്ടില്ല.

∙ തുടർക്കഥയായി ബോംബ് ഭീഷണികൾ

യൂറോപ്യൻ വിമാനക്കമ്പനികൾക്കു നേരെ ഈ ആഴ്ച തുടർച്ചയായി ഉയരുന്ന ബോംബ് ഭീഷണികളുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ലോട്ട്, എസ്.എ.എസ്, വിസ് എയർ, റയൻ എയർ തുടങ്ങിയ പ്രമുഖ കമ്പനികളുടെ വിമാനങ്ങൾക്കും സമാനമായ ഭീഷണികൾ നേരിടേണ്ടിവന്നിരുന്നു.

ADVERTISEMENT

Go AD-FREE
ലണ്ടനിൽ നിന്നുള്ള ഒരു വിമാനം ഭീഷണിയെത്തുടർന്ന് വാർസോയിൽ അടിയന്തരമായി ഇറക്കിയിരുന്നു. മറ്റൊരു സംഭവത്തിൽ ഇറ്റാലിയൻ യുദ്ധവിമാനങ്ങൾ യാത്രാവിമാനത്തിന് സുരക്ഷാ അകമ്പടി നൽകുകയും ചെയ്തു. ഈ സംഭവങ്ങളിലൊന്നിലും സ്ഫോടകവസ്തുക്കൾ കണ്ടെത്തുകയോ ആർക്കെങ്കിലും പരുക്കേൽക്കുകയോ ചെയ്തിട്ടില്ല.

നിലവിലെ രാഷ്ട്രീയ-സുരക്ഷാ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്പിൽ അട്ടിമറി ശ്രമങ്ങൾ, ആളില്ലാ വിമാനങ്ങളുടെ നുഴഞ്ഞുകയറ്റം, വ്യാജ ഭീഷണി സന്ദേശങ്ങൾ തുടങ്ങിയ വിവിധ തരത്തിലുള്ള സുരക്ഷാ വെല്ലുവിളികൾ വർധിച്ചുവരുന്നതായി യൂറോപ്യൻ സുരക്ഷാ ഏജൻസികൾ നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.